തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. പട്ടികയുടെ പേരില്‍ ആരും തെരുവിലിറങ്ങേണ്ടി വരില്ലെന്നും പാര്‍ട്ടിയാണ് വലുതെങ്കില്‍ ആരും തീരുമാനത്തിന് എതിരേ വരില്ലെന്നും സുധാകരന്‍ പറഞ്ഞു.
സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാണ് പട്ടിക പ്രഖ്യാപിച്ചത്. ഗ്രൂപ്പുകളേയും പരിഗണിച്ചുവെന്നും എ, ഐ ഗ്രൂപ്പുകളിലുള്ളവരാണ് പട്ടികയിലുള്ളതെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചർച്ച നടത്തിയതാണ് പട്ടിക തയ്യാറാക്കിയത്. കെ സി വേണുഗോപാൽ ലിസ്റ്റിൽ ഇടപെട്ടില്ല. ഗ്രൂപ്പിൽ ഉള്ളവർ തന്നെയാണ് പട്ടികയിലുള്ളത്. എന്നാൽ നേതാക്കളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം കഴിവ് തന്നെയായിരുന്നു.
സ്ത്രീ- സാമുദായിക സംവരണവുമടക്കം വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നും നൽകിയ പട്ടികയിൽ ഹൈക്കമാൻഡ് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പട്ടികയ്ക്ക് എതിരെ എതിർപ്പുകൾ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും എ വി ഗോപിനാഥ് പാർട്ടിക്കൊപ്പമാണെന്നും സുധാകരൻ അവകാശപ്പെട്ടു.
മൊത്തം 56 അംഗ കെ.പി.സി.സി ഭാരവാഹിപട്ടിക പ്രഖ്യാപിച്ചത്. വി.ടി ബല്‍റാം, എന്‍ ശക്തന്‍, വി.ജെ പൗലോസ്, വി,പി സജീന്ദ്രന്‍ എന്നീ നാല് പേരാണ് വൈസ് പ്രസിഡന്റുമാര്‍. 23 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് വനിതകള്‍ മാത്രമാണുള്ളത്. 28 അംഗ നിര്‍വാഹക സമിതിയില്‍ രണ്ട് വനിതകള്‍ മാത്രമാണുള്ളത്.