ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനയെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി (Upendra Tiwari). രാജ്യത്തെ കൈയിലെണ്ണാവുന്ന കുറച്ചാളുകള്‍ മാത്രമാണ് നാലുചക്ര വാഹനം ഉപയോഗിക്കുന്നതെന്നും 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ വേണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിശീര്‍ഷ വരുമാനവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ പെട്രോള്‍ വില വളരെ തുച്ഛമാണെന്നും മന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് രാജ്, കായികം, യുവജനക്ഷേമകാര്യ മന്ത്രിയാണ് ഉപേന്ദ്ര തിവാരി.
#WATCH | Jalaun: UP Min Upendra Tiwari says, “…Only a handful of people use 4-wheelers & need petrol. 95% of people don’t need petrol. Over 100 cr vaccine doses were administered free of cost to people…If you compare (fuel price) to per capita income, prices are very low now” pic.twitter.com/rNbVeiI7Qw
— ANI UP (@ANINewsUP) October 21, 2021
കേന്ദ്രസര്‍ക്കാര്‍ 100 കോടി ഡോസ് വാക്‌സിന്‍ നല്‍കി. കോവിഡ് ബാധിച്ചവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കി. വിദ്യാഭ്യാസവും ചികിത്സയും മരുന്നുമടക്കമുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതിനാലാണോ വിലവര്‍ധനവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇന്ധന വില വര്‍ധിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
കഴിഞ്ഞ 68 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ചെയ്യാത്തത് യോഗിയുടെ കാലത്ത് ചെയ്തുവെന്നും തിവാരി പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത സര്‍ക്കാരായതിനാല്‍ സംസ്ഥാനത്ത് എല്ലാം ശരിയായെന്നും മന്ത്രി പറഞ്ഞു.