പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു. പെരിങ്ങോട്ടുകുറിശി സ്വദേശി മുഹമ്മദ് അസീസിന്റെ മകൻ അൻസിൽ (18) ആണ് മരിച്ചത്.
വൈകിട്ട് 3.30 ഓടെ കൂട്ടുകാരനൊപ്പം ഞാവളം കടവിൽ എത്തിയ അൻസിൽ കാൽ വഴുതി വീഴുകയായിരുന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ വൈകിട്ട് ആറരയോടെയാണ് മൃതദേഹം തോട്ടുമുക്ക് പള്ളിക്ക് സമീപത്തുനിന്നാണ് കണ്ടെത്തിയത്. കനത്ത മഴയെത്തുടർന്ന് പുഴയിൽ നീരൊഴുക്ക് ശക്തമായിരുന്നു.
അതേസമയം, സംസ്ഥാന വ്യാപകമായി പലയിടത്തും മഴക്കെടുതികൾ തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നും മുന്നറിയിപ്പുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത് . മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. രാത്രിയോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.