അമേരിക്ക : പുതിയ സമൂഹ മാധ്യമ സംരംഭവുമായി മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ എന്നാണ് കമ്പനിയുടെ പേര്. ട്രൂത്ത് സോഷ്യലിലൂടെ ഉടൻ തന്നെ സത്യം പുറത്തുവിടുമെന്ന് ട്രംപ് അറിയിച്ചു. ട്രംപ് മീഡിയ ആൻറഡ് ടെക്നോളജിയുടെ ഉടമസ്ഥതയിലായിരിക്കും ട്രൂത്ത് സോഷ്യൽ. വൻകിട മാധ്യമങ്ങളെ നേരിടാനാണ് സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അടുത്തവർഷം ആദ്യം ട്രൂത്ത് സോഷ്യൽ രംഗത്തെത്തും.
തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ അനുയായികൾ യു.എസിലെ കാപ്പിറ്റോൾ മന്ദിരത്തിൽ നടത്തിയ അതിക്രമം ചില്ലറ നാണക്കേടൊന്നുമല്ല ട്രംപിന് ഉണ്ടാക്കിയത്. അനുകൂലികളെ നിലയ്ക്ക് നിർത്തിയില്ലെന്ന് പറഞ്ഞ് ട്വിറ്റർ ആദ്യം ട്രംപിന്റെ അക്കൗണ്ട് പൂട്ടി. തുടർന്ന് ഫെയിസ്ബുക്കും ഇൻസ്റ്റഗ്രാമും എന്നുവേണ്ട ഗൂഗിൾ തന്നെ ട്രംപിനെ പടിക്ക് പുറത്താക്കിയതിന്റെ പരുക്ക് അദ്ദേഹത്തിനുണ്ട്. അങ്ങനെയിരിക്കെയാണ് കുറേനാളായി പറഞ്ഞുകേട്ട ട്രംപിന്റെ സ്വന്തം സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോം അവതരിക്കുന്നത്. ട്രൂത്ത് സോഷ്യൽ എന്നുപേരിട്ട നെറ്റുവർക്ക് ആദ്യ ഘട്ടത്തിൽ ക്ഷണിക്കപ്പെടുന്ന പ്രൊഫയിലുകൾക്കായി മാത്രം പരിമിതപ്പടുത്തും.
വിഡിയോ ഓൺ ഡിമാൻഡ് സർവീസ് ആയിട്ടാണ് അടുത്തമാസം മുതൽ പ്ലാറ്റ്ഫോം പുറത്തിറക്കുന്നത്. ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് മറ്റുവിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ട്വിറ്ററിനെ പരിഹസിച്ചാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം എന്നതാണ് കൗതുകകരം. ‘താലിബാന് വലിയ പ്രാധാന്യം കൊടുക്കുന്ന ട്വിറ്ററിന്റെ കാലത്താണ് നാം ജീവിക്കുന്നത്. അപ്പോൾ നമ്മുടെ പ്രിയപ്പെട്ട പ്രസിഡന്റ് ബൈഡൻ മൗനത്തിലാണ് ’ ഇതാണ് ആ വരികൾ. നേരത്തെ ട്രംപ് ആരംഭിച്ച ബ്ലോഗ് വലിയ പരാജയമായിരുന്നു. തന്റെ മുൻ വക്താവായ ജേസൺ മില്ലറിന്റെ ഗെറ്റർ എന്ന പ്ലാറ്റ്ഫോമുമായും ട്രംപ് കാര്യമായ അടുപ്പം പുലർത്തിയിരുന്നില്ല.