ഉത്തർപ്രദേശ് : പൊലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിൻറെ കുടുംബത്തെ കാണാൻ അനുമതി ലഭിച്ചതിന് പിന്നാലെ പ്രിയങ്ക ഗാന്ധിയെത്തി . കുടുംബത്തെ സന്ദർശിക്കുകയാണ് പ്രിയങ്ക ഗാന്ധി. പ്രിയങ്കയുൾപ്പടെ 4 പേർക്കാണ് യുപി സർക്കാർ ഇന്ന് വൈകിട്ടോടെ യാത്രാനുമതി നൽകിയത്. നേരത്തെ പ്രിയങ്കാ ഗാന്ധിയെ യാത്രാമധ്യേ പൊലീസ് തടഞ്ഞിരുന്നു.
ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ പ്രിയങ്കയുടെ വാഹന വ്യൂഹത്തെ പൊലീസ് തടയുകയായിരുന്നു. തുടർന്ന് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. താൻ എവിടെപ്പോയാലും യുപി പൊലീസ് തടയുന്നുവെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. താൻ വീട്ടിലും ഓഫിസിലും അല്ലാതെ എവിടെ പോയാലും യുപി പൊലീസിന്റെ തമാശ തുടങ്ങുമെന്നായിരുന്നു പ്രിയങ്കയുടെ വിമർശനം.
എന്തൊക്കെയായാലും താൻ ആ കുടുംബത്തെ കാണും. തന്നെ തടയുന്നത് ജനങ്ങളെ ബാധിക്കുമെന്ന് ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പ്രിയങ്ക പറഞ്ഞു. എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്ന തന്റെ മൗലികാവകാശം ലംഘിക്കപ്പെടുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. അരുൺ വാൽമീകി എന്ന യുവാവാണ് ആഗ്രയിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിനിടെ ആരോഗ്യപ്രശ്‌നങ്ങളുള്ള യുവാവ് മരിക്കുകയായിരുന്നെന്നാണ് യുപി പൊലീസിന്റെ വിശദീകരണം. ക്ലീനിങ് ജോലിക്കാരനായിരുന്ന യുവാവിനെ പണം മോഷ്ടിച്ചെന്ന പരാതിയെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.