ഗൂഗിൾ കഴിഞ്ഞ ദിവസം ആഘോഷമായി പുറത്തിറക്കിയ പിക്സൽ 6, പിക്സൽ 6 പ്രോ ഫോണുകൾ ഇന്ത്യയിലേക്കില്ല. ചിപ് ക്ഷാമം കാരണം ഉൽപാദനത്തിൽ ഉണ്ടാകാവുന്ന പ്രതിസന്ധിയാണു കാരണമെന്നു ഗൂഗിൾ പറയുമ്പോൾ നേരത്തേയുള്ള പിക്സൽ ഫോണുകൾ ഇന്ത്യയിൽ കാര്യമായി സ്വീകരിക്കപ്പെടാത്തതും കാരണമാണെന്നു സൂചനയുണ്ട്. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ മാത്രമാണ് പുതിയ ഫോണുകൾക്കു ബുക്കിങ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ആണ് ആപ്പിൾ ഒഴികെയുള്ള ഫോൺ നിർമാതാക്കളുടെയെല്ലാം സോഫ്റ്റ്വെയർ എങ്കിലും, പിക്സൽ 6 ശ്രേണി വന്നതോടെ ഗൂഗിൾ ഒരു പടി കൂടി മുന്നോട്ടുപോയിട്ടുണ്ട്. സ്വന്തമായി രൂപപ്പെടുത്തിയതാണ് പുതിയ ഫോണുകളുടെ ചിപ്. ഹാൻഡ്സെറ്റ് നിർമാതാക്കൾ പൊതുവെ ക്വാൽകോം, മീഡിയ ടെക് ചിപ്സെറ്റുകളാണു സ്വീകരിക്കാറ്. ഗൂഗിൾ പുതിയ ഫോണുകളിൽ ഉപയോഗിക്കുന്നത് ടെൻസർ എന്ന സ്വന്തം ചിപ്പും. ആൻഡ്രോയ്ഡ് 12 പതിപ്പിന്റെ അരങ്ങേറ്റവും ഇവയിൽ നടക്കും.
കഴിഞ്ഞ വർഷം വലിയ ഗ്ലാമറില്ലാത്ത പിക്സൽ 4എ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നെങ്കിലും അതുവരെയും അതിനുശേഷവും ഗൂഗിൾ പൊതുവെ ഇന്ത്യൻ വിപണിയെ അവഗണിക്കുകയാണ്. ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഫോണുകളിൽ 90 ശതമാനത്തിലേറെയും 20,000 രൂപയിൽത്താഴെ വിലയുള്ളതാണ്. പിക്സൽ പക്ഷേ വിലയിൽ മൽസരിക്കുന്നത് ആപ്പിൾ ഐഫോണിനോടുമാത്രവും. മാത്രമല്ല, ചൈനീസ് ബ്രാൻഡുകളുടെ അഗ്രസീവ് മാർക്കറ്റിങ്ങിനുമുന്നിൽ പിടിച്ചുനിൽക്കാനുള്ള സവിശേഷതകളൊന്നും പിക്സലിന് ഇതുവരെ ഉണ്ടായിരുന്നുമില്ല. പിക്സൽ 6, 6പ്രോ എന്നിവ ഈ പരാതി തീർക്കുമെന്നാണു പ്രതീക്ഷ.
ഫോട്ടോയിൽനിന്ന് ആളുകളെയടക്കം മായ്ച്ചുകളയാനുള്ള മാജിക് ഇറേസർ ടൂൾ പുതിയ പിക്സൽ ഫോണിലുണ്ട്. ഇതുപോലെ മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യകൾ മികച്ച നിലയിൽ പ്രവർത്തിപ്പിക്കാണു ഗൂഗിൾ സ്വന്തം ചിപ്പ് ടെൻസർ അവതരിപ്പിച്ചത്. പിക്സൽ 6ന് 599 ഡോളർ (45000 രൂപ) മുതലും പിക്സൽ 6പ്രോയ്ക്ക് 899 ഡോളറും (67425 രൂപ) മുതലാണ് അമേരിക്കയിലെ വില.