തിരുവനന്തപുരം: മുൻ സി.പി.എം എം.എൽ.എ ഉൾപ്പെടെ പ്രമുഖരെ പാർട്ടിയിലെത്തിക്കാൻ അണിയറനീക്കങ്ങളുമായി കോൺഗ്രസ്. കെ.പി.സി.സി പ്രസിഡൻറ് ഉൾപ്പെടെ മുൻകൈയെടുത്താണ് ചർച്ച പുരോഗമിക്കുന്നത്. ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ചില പ്രമുഖ നേതാക്കളെയും ഒപ്പംകൂട്ടാൻ രഹസ്യനീക്കമുണ്ട്. സമീപകാലത്ത് ചില മുൻനിര നേതാക്കൾ കോൺഗ്രസ് വിട്ടതിന് തിരിച്ചടി നൽകുന്നതിെനാപ്പം പ്രവർത്തകർക്ക് ആവേശംപകരാനും ഇതുവഴി സാധിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.
സി.പി.എമ്മുമായി അകന്നുനിൽക്കുന്ന ചെറിയാൻ ഫിലിപ്പിനെ മടക്കിക്കൊണ്ടുവരാൻ കോൺഗ്രസ് ഒരുങ്ങിക്കഴിഞ്ഞു. പുസ്തക രചനയുടെ തിരക്കിലായതിനാൽ മറ്റൊന്നിനും സമയമില്ലെന്ന് ചെറിയാൻ പറയുന്നുണ്ടെങ്കിലും മാനസികമായി അദ്ദേഹം സി.പി.എമ്മുമായി അകന്നുകഴിഞ്ഞു.
കോൺഗ്രസ് വിട്ടശേഷം പിണറായി വിജയനുമായി ദൃഢമായ സൗഹൃദം കാത്തുസൂക്ഷിച്ച ചെറിയാൻ, അതെല്ലാം അവസാനിപ്പിക്കുന്നുവെന്ന സൂചന നൽകിയാണ് അദ്ദേഹത്തിനെതിരെ പ്രളയവുമായി ബന്ധപ്പെടുത്തി നടത്തിയ വിമർശനം. ചെറിയാനെ സാന്ത്വനിപ്പിച്ച് ഒപ്പം നിർത്താൻ സി.പി.എം നേതൃത്വം ശ്രമിക്കുന്നുമില്ല. ചെറിയാൻ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്ന കോൺഗ്രസ് അതിന് നീക്കം തുടങ്ങിക്കഴിഞ്ഞു.
അതിനിടെയാണ് മധ്യകേരളത്തിലെ മുൻ എം.എൽ.എയെയും സി.പി.എമ്മിൽനിന്ന് അടർത്തിയെടുക്കാനുള്ള ശ്രമം. കോൺഗ്രസ് കുടുംബത്തിൽനിന്ന് സി.പി.എമ്മിലെത്തിയ അദ്ദേഹം മൂന്നുതവണ എം.എൽ.എയായി. ഇത്തവണ മത്സരിക്കാൻ അവസരം നിഷേധിച്ചുവെന്ന് മാത്രമല്ല അച്ചടക്ക നടപടിയും നേരിടുന്നു. കെ.പി.സി.സി പ്രസിഡൻറ് നേരിട്ട് അദ്ദേഹവുമായി ആദ്യ റൗണ്ട് ചർച്ച നടത്തി. പാർട്ടിയിൽ വേണ്ട പരിഗണന നൽകുമെന്നാണ് കെ.പി.സി.സി പ്രസിഡൻറ് നൽകിയ ഉറപ്പ്.