ലോകത്തെ ഏറ്റവും വലിയ സമൂഹമാധ്യമ നെറ്റ്വര്ക്കായ ഫെയ്സ്ബുക് തന്ത്രപ്രധാനമായ ഒരു മാറ്റത്തിനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഫെയ്സ്ബുക്കിന്റെ കീഴില്‍ നിന്ന് വാട്സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ കമ്പനികളെ വേര്‍പെടുത്തണമെന്ന കാര്യം അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് പുതിയ നീക്കം. 2015 ല്‍ ഗൂഗിള്‍ നടത്തിയതിനു സമാനമായ ഒരു നീക്കമായിരിക്കും ഫെയ്സ്ബുക് നടത്തുക എന്നാണ് പറയുന്നത്. ഗൂഗിള്‍, യൂട്യൂബ് തുടങ്ങി ഗൂഗിളിന്റെ കീഴിലുള്ള കമ്പനികളെയെല്ലാം ആല്‍ഫബെറ്റ് എന്ന പേരില്‍ ഒരു പുതിയ കമ്പനി സ്ഥാപിച്ച് അതിനു കീഴില്‍ കൊണ്ടുവരികയാണ് ചെയ്തത്. ഒക്ടോബര്‍ 28ന് നടക്കുന്ന കമ്പനിയുടെ വാര്‍ഷിക ചടങ്ങിലായിരിക്കും ഇക്കാര്യം ചർച്ചചെയ്ത് നടപ്പിലാക്കുക. ഈ ചടങ്ങിലായിരിക്കും ഫെയ്സ്ബുക്കിന്റെ പേരുമാറ്റം പ്രഖ്യാപിക്കുക എന്ന് ദി വേര്‍ജ് നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ഇതുപോലെ ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്, ഒക്യുലസ്, ഇനി തുടങ്ങാനിരിക്കുന്ന മെറ്റാവേഴ്സ് പദ്ധതി തുടങ്ങിയവ എല്ലാം പുതിയൊരു കമ്പനിക്കു കീഴിലാക്കാനുള്ള നീക്കമായിരിക്കാം ഇതെന്ന് എസ്എഫ്ഗെയ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. എആര്‍, വിആര്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് പരസ്പരം ഇടപെടാനുളള സാധ്യത ഒരുക്കാനുള്ള അതിബൃഹത് പദ്ധതിയാണ് മെറ്റാവേഴ്സ്. ഫെയ്സ്ബുക് 2014ല്‍ ഒക്യൂലസ് ഏറ്റെടുത്തപ്പോള്‍ മുതല്‍ ഇത്തരം ഒരു സാധ്യതയെക്കുറിച്ചു പഠിച്ചുവരികയായിരുന്നു. എന്നാല്‍, ഇതൊരു അരാജകമായ അവസ്ഥ (dystopian) കൊണ്ടുവന്നേക്കാമെന്ന കടുത്ത വിമര്‍ശനമാണ് ട്വിറ്റര്‍ മേധാവി ജാക് ഡോര്‍സി അടക്കമുള്ളവര്‍ ഉന്നയിച്ചത്. ഇതൊന്നും വകയ്ക്കാതെ ഫെയ്സ്ബുക് പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് എന്നതിന് വ്യക്തമായ തെളിവും ലഭിച്ചിട്ടുണ്ട്. മെറ്റാവേഴ്സിനായി കമ്പനി അടുത്ത അഞ്ചു വര്‍ഷത്തിനിടയില്‍ 10,000 പേരെ യൂറോപ്പില്‍ ജോലിക്കെടുക്കുമെന്ന് വാര്‍ത്തകളുണ്ട്.
∙ എന്തു പേരായിരിക്കും ഫെയ്സ്ബുക് ഇടുക?
ഫെയ്സ്ബുക് എന്തു പേരായിരിക്കും ഇനി ഇടുക എന്ന കാര്യത്തിലും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നുണ്ട്. എഫ്ബി, ഹൊറൈസണ്‍ എന്നീ പേരുകള്‍ക്കാണ് മുന്‍തൂക്കം ലഭിച്ചിരിക്കുന്നതെങ്കിലും മെറ്റാ ചേര്‍ത്തൊരു പേരായിരിക്കുമെന്നാണ് ഒരുകൂട്ടം പേര് ശക്തിയുക്തം വാദിക്കുന്നത്. പുതിയ റിപ്പോര്ട്ടുകളൊട് പ്രതികരിക്കവെ തങ്ങള്‍ അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയാറില്ല എന്നാണ് ഫെയ്സ്ബുക് പ്രതിനിധി പറഞ്ഞത്.
∙ പേരുമാറേണ്ട, മേധാവിയെ മാറ്റിയാൽ മതിയെന്ന് സിഎന്‍എന്‍ ലേഖനം
സിഎന്‍എന്‍ പ്രസിദ്ധീകരിച്ച ഒപീനിയന്‍ പീസില്‍ ഹോഫ്സ്റ്റാ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ കാരാ അലായ്മോ എഴുതിയത് കമ്പനിയുടെ പേരു മാറ്റേണ്ട, മേധാവി സക്കര്‍ബര്‍ഗിനെ മാറ്റിയാല്‍ മതിയെന്നാണ്. ഫെയ്സ്ബുക്കിനെ പോലെയൊരു സമൂഹ മാധ്യമം എത്ര അപകടകാരിയായി തീരാമെന്ന കാര്യം ലോകം തിരിച്ചറിഞ്ഞു വരുന്നേയുള്ളു എന്ന് ലേഖനത്തില്‍ പറയുന്നു. കമ്പനിയുടെ മുന്‍ ജോലിക്കാരി ഫ്രാന്‍സിസ് ഹൗഗന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ഒരു പക്ഷേ, ഫെയ്സ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും വാട്സാപ്പിനെയും ഒരുമിപ്പിക്കാനുള്ള നീക്കമായിരിക്കാം, അതല്ലെങ്കില്‍ മെറ്റാവേഴ്സില്‍ കൂടുതല്‍ ശ്രദ്ധചെലുത്താനുള്ള ശ്രമം ആയിരിക്കാം പേരുമാറ്റലിനു പിന്നിലെന്നും ലേഖനം പറയുന്നു.
ഫെയ്സ്ബുക്കിനെതിരെ ലോകമെമ്പാടും ഉയര്‍ന്നിരിക്കുന്ന പല ആരോപണങ്ങളെയും എണ്ണിപ്പറയുന്ന ലേഖനത്തില്‍ ഇതെല്ലാം പുറത്തുവരുന്ന സമയത്തും കമ്പനി കൂടുതല്‍ വികസന പദ്ധതികളുമായി മുന്നേറുകയാണെന്നത് ശരിക്കും ഭയപ്പെടുത്തുന്നു എന്നും പറയുന്നു. ടെക്നോളജി ഉപയോഗിച്ച് ലോകത്തെ കൂടുതല്‍ വരിഞ്ഞു മുറുക്കാനുള്ള ശ്രമമായിരിക്കാം ഇത്. തിരഞ്ഞെടുപ്പുകള്‍, ആരോഗ്യം, സ്വകാര്യത, എന്തിന് ആളുകളുടെ ജീവിതം തന്നെ അപകടത്തിലാക്കിയ വെബ്സൈറ്റാണ് ഫെയ്സ്ബുക് എന്നും ആരോപിക്കപ്പെടുന്നു. ഫെയ്സ്ബുക് മറ്റേതു പേരു സ്വീകരിച്ചു വന്നാലും അത് ഭയപ്പെടുത്തുന്നതു തന്നെയായിരിക്കും, പേരുമാറ്റുന്നതിനു പകരം അതിന്റെ യാഥാര്ഥ്യത്തിനാണു മാറ്റം വരേണ്ടതെന്നും ലേഖനം വാദിക്കുന്നു.
∙ പേരുമാറ്റത്തെക്കുറിച്ച് പല തമാശകളും
പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെ ഫെയ്സ്ബുക്കിനെ വിമര്‍ശിച്ചും പരിഹസിച്ചും പലരും സമൂഹ മാധ്യങ്ങളിലെത്തി. ടെര്‍മിനേറ്റര്‍ സിനിമകളില്‍ മനുഷ്യരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് സ്കൈനെറ്റ് ആണ്. സ്കൈനെറ്റ് എന്ന പേര് ലഭ്യമാണോ എന്ന് സക്കര്‍ബര്‍ഗ് ആരായുകയാണ് ഇപ്പോള്‍ എന്ന് ഒരാള്‍ കുറിച്ചു.
പ്രിയ ഫെയ്സ്ബുക്, പേരുമാറ്റാനുള്ള നിങ്ങളുടെ അഭ്യര്‍ഥന ലഭിച്ചു. എന്നാല്‍, യഥാര്‍ഥ പേരേ പരിഗണിക്കൂ എന്നതിനാല്‍ ആദ്യമായി നിങ്ങള്‍ കോടതി ഉത്തരവും പുതിയ ഡ്രൈവിങ് ലൈസന്‍സുമായി സമീപിക്കണം എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
ഒരു കാര്യം വ്യക്തമാക്കട്ടെ ഫെയ്സ്ബുക്. ഞങ്ങളുടെ പ്രശ്നം നിങ്ങളുടെ പേരല്ല, എന്നാണ് മെയ്ഡിയാസ് ടച്ച് എന്ന അക്കൗണ്ട് നടത്തിയ ട്വീറ്റ്. ഇതേ ആശയം നിരവധി പേര് ട്വീറ്റു ചെയ്തിട്ടുണ്ട്. അതേസമയം, ഫെയ്സ്ബുക് എന്തു പുതിയ പേരു സ്വീകരിക്കുമെന്നത് അതിന്റെ ഭാവിനീക്കങ്ങളെക്കുറിച്ചുള്ള വ്യക്തമായ സൂചനയായിരിക്കുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
∙ ആമസോണ്‍ പ്രൈം വാര്‍ഷിക മെമ്പർഷിപ്പ് ഫീ വര്‍ധന ഉടന്‍
മലയാളം സിനിമകള്‍ അടക്കം ലഭിക്കുന്ന പ്രൈം വിഡിയോയും പ്രൈം മ്യൂസിക്കും നിരവധി ഷോപ്പിങ് ആനുകൂല്യങ്ങളും നല്‍കിവരുന്ന ആമസോണ്‍ പ്രൈം വാര്‍ഷിക വരിസംഖ്യ 50 ശതമാനം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. നിലവില്‍ 999 രൂപയാണ് വരിസംഖ്യ. ഇത് 1499 രൂപയായി വര്‍ധിപ്പിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. കൃത്യം തിയതി പ്രഖ്യാപിച്ചിട്ടില്ല. 2016 ജൂലൈയിലാണ് ആമസോണ്‍ പ്രൈം ഇന്ത്യയില്‍ അവതരിപ്പിച്ചത്. അന്ന് 499 രൂപയായിരുന്നു വാര്‍ഷിക വരിസംഖ്യ. തുടര്‍ന്ന് പ്രതിമാസ വരിസംഖ്യ 129 രൂപയാക്കിയിരുന്നു. ഇത് അടുത്തിടെ നിർത്തലാക്കി. ലോകമെമ്പാടും നിന്നുളള സിനിമകള്‍, സംഗീതം, വായനയില്‍ താത്പര്യമുള്ളവര്‍ക്ക് പ്രൈം റീഡിങ് ക്യാറ്റലോഗ്, ഗെയിമിങ് കണ്ടെന്റ് ഓഫറുകള്‍ തുടങ്ങി പതിനെട്ടോളം സേവനങ്ങൾ പ്രൈം അംഗങ്ങള്‍ക്ക് ലഭ്യമാണ് ഇപ്പോള്‍.
∙ ടെസ്ല പേറ്റന്റ് ലംഘനം നടത്തിയെന്ന് നിക്കൊളാ, 200 കോടി ഡോളറിന് കേസ്
ഹൈഡ്രജന്‍ ട്രക്കിങ് സ്റ്റാര്‍ട്ട്-അപ്പ് കമ്പനിയായ നിക്കൊള (Nikola) ഇലോണ്‍ മസ്കിന്റെ ഇലക്ട്രിക് വഹന നിര്‍മാണ കമ്പനി ടെസ്ലയ്ക്കെതിരെ പേറ്റന്റ് ലംഘനത്തിന് 200 കോടി ഡോളറിന്റെ കേസു നല്കി. നിക്കൊള പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം അവര്‍ ഇക്കാര്യത്തില്‍ ആദ്യം കേസു നല്‍കിയത് 2018 ലാണ്. സെമി-ട്രക്കുകളുടെ കാര്യത്തിലാണ് പേറ്റന്റ് ലംഘനം. ടെസ്ല ആദ്യമായി സെമി-ട്രക്കുകള്‍ പ്രദര്‍ശിപ്പിച്ചത് 2017ല്‍ ആയിരുന്നു. എന്നാല്‍, ഇത് കമ്പനി ഇതുവരെ പുറത്തിറക്കിയിട്ടില്ല. എന്നാല്‍, അധികം താമസിയാതെ അത് പുറത്തിറക്കിയേക്കുമെന്നും നെവേഡയിലുള്ള ഗിഗാഫാക്ടറിയില്‍ അതിനിപ്പോള്‍ മെഗാചാര്ജര് ഘടിപ്പിച്ചുകൊണ്ടിരിക്കുക ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
∙ നിക്കോണ്‍ സെഡ്9 ക്യാമറയുടെ പുതിയ ടീസര്‍ പുറത്തിറക്കി
ജാപ്പനീസ് ക്യാമറാ നിര്‍മാതാവായ നിക്കോണ്‍ ഏറ്റവും മുന്തിയ ക്യാമറാ ബോഡി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് എന്ന് ഫൊട്ടോഗ്രഫി പ്രേമികള്‍ക്ക് അറിയാം. സോണി എ1 തുടങ്ങിയ മോഡലുകള്‍ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്ന് നിക്കോണ്‍ ആരാധകര്‍ കരുതുന്ന ക്യാമറയ്ക്ക് മികച്ച ഓട്ടോഫോക്കസായിരിക്കും ഉണ്ടായിരിക്കുക എന്ന സൂചന അടക്കമാണ് പുതിയ ടീസര്‍ വിഡിയോയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. https://youtu.be/bJmUe6qdd7M
∙ പേടിഎമ്മിന് 1 കോടി രൂപ പിഴയിട്ട് ആര്‍ബിഐ
ചില നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ പണമിടപാടു സ്ഥാപനമായ പേടിഎമ്മിന് 1 കോടി രൂപ പിഴയിട്ടു. ഇതേ കാരണത്തിന് വെസ്റ്റേണ്‍ യൂണിയന് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 27.78 ലക്ഷം രൂപയും പിഴയിട്ടു.
∙ റെഡ്മി നോട്ട് 11 സീരീസ് ഒക്ടോബര്‍ 28ന്?
ഷഓമിയുടെ സബ് ബ്രാന്‍ഡ് ആയ റെഡ്മിയുടെ സ്മാര്‍ട് ഫോണ്‍ ശ്രേണിയായ നോട്ട് സീരീസിന് വലിയ സ്വീകാര്യതയാണ് ഇന്ത്യയില്‍. നോട്ട് സീരീസിന്റെ 11-ാം തലമുറയിലെ ആദ്യ മോഡലുകള്‍ ഒക്ടോബര്‍ 28ന് പുറത്തിറക്കിയേക്കുമെന്നു പറയുന്നു.