മുക്കം ∙കനത്ത മഴയിലും മിന്നലിലും വ്യാപകമായ നാശനഷ്ടം. ശക്തമായ മഴയിൽ ആനയാംകുന്ന് ഗവ.എൽപി സ്കൂളിന്റെ ചുറ്റുമതിൽ തകർന്ന് സമീപത്തെ എം.സി.അലി ഫാസിലിന്റെ വീടിനു ഭീഷണിയായി. കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡിൽ മിന്നലിൽ രണ്ട് തെങ്ങുകൾ കത്തിയത് സമീപവാസികളെ ഭീതിയിലാക്കി. ജനമൈത്രി പൊലീസ് എസ്ഐ പി.അസ്സൈന്റെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തി. വാഹനങ്ങൾ നിയന്ത്രിച്ചത് മൂലം അപകടങ്ങൾ ഒഴിവാക്കാനായി.
ആനയാംകുന്ന് ഗവ എൽപി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു വീടിനു ഭീഷണിയായത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, സ്ഥിരം സമിതി അധ്യക്ഷൻ സത്യൻ മുണ്ടയിൽ, പഞ്ചായത്ത് അംഗം കുഞ്ഞാലി മമ്പാട് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ഗോതമ്പ് റോഡിൽ കെഎസ്ഇബി സബ് എൻജിനീയർ ഷാനവാസിന്റെ വീടിനു സമീപത്തെ തെങ്ങും സുരേഷിന്റെ പറമ്പിലെ തെങ്ങുമാണു മിന്നലിൽ കത്തി നശിച്ചത്