തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയും വെളളക്കെട്ടിനും പിന്നാലെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീടുകളിടിയുന്നു. പത്ത് വീടുകള്‍ ഇടിഞ്ഞ് വാസയോഗ്യമല്ലാതെയായി. പ്രായിമൂട് എന്ന സ്ഥലത്ത് മാത്രം മൂന്ന് വീടുകളിടിഞ്ഞു. നെയ്യാറ്റിൻകര ടൗണിൽ രണ്ട് വീടുകളിടിഞ്ഞു. കുടുംബങ്ങളെ ചെങ്കലിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
അതേസമയം തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. സംസ്ഥാനമൊട്ടാകെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 40 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത വേണം. ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം. മൂന്ന് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാം. ഞായറാഴ്ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

















