കോഴിക്കോട് : ലോക്കഡൗണിൽ ഇളവ് വന്നോതോട് കൂടി ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ വരുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി .ഇതിനു പിന്നാലെ കിട്ടുന്ന ഭക്ഷണത്തിൻറെ നിലവാരം സംബന്ധിച്ച പരാതികളും പെരുകുന്നു. കോഴിക്കോട്ടെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ച മൂന്നംഗ കുടുംബം ദിവസങ്ങളായി ചികിത്സയിലാണ്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻറെ പരിശോധന പേരിന് മാത്രമാകുന്നതും പ്രശ്നം രൂക്ഷമാക്കുന്നു.
കോഴിക്കോട് സ്വദേശി മുബാറക് അഹമ്മദ് മൂന്ന് ദിവസം മുൻപാണ് ചേവായൂരിലെ സ്വകാര്യ ഹോട്ടലിൽനിന്നും ഷവർമ വാങ്ങിയത്. അമ്മയും ഭാര്യയുമടക്കം വീട്ടിൽവച്ച് ഷവർമ്മ കഴിച്ചു. അർദ്ധരാത്രി മുതൽ മൂന്നുപേർക്കും അസ്വസ്ഥതകൾ തുടങ്ങി.
ഇത് ഒറ്റപ്പെട്ട സംഭവമല്ല, ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ തുറന്ന ഹോട്ടലുകളിലെ ഭക്ഷണത്തിൻറെ നിലവാരം സംബന്ധിച്ച് നിരവധി പരാതികളാണ് ദിവസവും ഉയരുന്നത്. ഭക്ഷ്യ സുരക്ഷാ വിഭാഗം മാസത്തിലൊരിക്കൽ ഹോട്ടലുകളിലെ ഭക്ഷണ നിലവാരം പരിശോധിക്കാറുണ്ട്.
എന്നാൽ ഈ പരിശോധന പേരിന് മാത്രമാകാറാണ് പതിവ്. കൊവിഡ് കാലത്ത് നേരിട്ട് ഹോട്ടലുകളിൽ പോകാൻ മടിക്കുന്ന പലരും ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാറാണ് പതിവ്. ഓർഡർ ചെയ്തെത്തുന്ന ഭക്ഷണത്തിന് നിലവാരമില്ലെന്ന കാര്യം പരാതിപ്പെട്ടാലും യാതൊരു നടപടിയും ഉണ്ടാകാറില്ലെന്നും ഉപഭോക്താക്കൾ പറയുന്നു.