തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് വീണ്ടും മഴ. ഇന്നലെ മുതൽ വീണ്ടും ശക്തമായ മഴ പുലർച്ചയോടെ കുറഞ്ഞു. ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് കാലാവസ്ഥാ പ്രവചനം. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഞായറാഴ്ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
പാലക്കാട് ജില്ലയിൽ രാത്രിയിലും മഴ തുടർന്നു. രണ്ടിടത്ത് ഉരുൾ പൊട്ടി. ആളപായമില്ല. അൻപതോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പുലർച്ചയോടെ മഴയ്ക്ക് ശമനമുണ്ട്. രാത്രിയിൽ പത്തനംതിട്ടയിൽ ഒറ്റപ്പെട്ട മഴ തുടർന്നു. ഇന്ന് ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്. ഇടുക്കി കല്ലാർ ഡാം തുറന്നു. വെളുപ്പിന് 2.30 മുതൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി. കല്ലാർ, ചിന്നാർ പുഴകളുടെ കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.