തിരുവനന്തപുരം: 20, 21, 22 തിയതികളിൽ കേരളത്തിൽ ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ പോകുന്നുവെന്ന വ്യാജ സന്ദേശത്തിനെതിരെ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ചുഴലിക്കാറ്റ് വരുന്നുവെന്ന ഭീതി പടർത്തി സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തുകയാണെന്നും ഇത് തെറ്റാണെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
ഈ തലമുറയിലെ ആരും കാണാത്തത്ര ശക്തമായ കാറ്റ് വരുന്നുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വ്യാജ സന്ദേശത്തിൽ പറയുന്നത്. എന്നാൽ, ഇങ്ങനെയൊരു കാറ്റിനെ കുറിച്ച് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടേയില്ല. സന്ദേശത്തിൽ പറയുന്ന പ്രകാരം 20, 21, 22 തിയതികളിൽ കേരളത്തിൽ ചുഴലിക്കാറ്റ് വരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടില്ല.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം പ്രകാരം നിലവിൽ തെക്കൻ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 2-3 ദിവസങ്ങളിൽ ഇത് തുടരാനാണ് സാധ്യത. ഇതിന്‍റെ സ്വാധീനത്തിൽ ഒക്ടോബർ 20 മുതൽ 24 വരെ കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. ഒക്ടോബർ 21ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.