തിരുവനന്തപുരം: അതിശക്തമായ മഴയും കാറ്റും കടൽക്ഷോഭവും കാലാവസ്ഥകേന്ദ്രം മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ഡിപ്പോകൾക്ക് കെ.എസ്.ആർ.ടി.സിയുടെ ജാഗ്രതാനിർദേശം. കഴിഞ്ഞ ദിവസം വെള്ളക്കെട്ടിലൂടെ കെ.എസ്.ആർ.ടി.സി ഓടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിർദേശം.
ടയറിന്റെ പകുതിയിൽ കൂടുതൽ ഉയരത്തിൽ വെള്ളം കയറുന്ന സാഹചര്യങ്ങളിൽ കൂടി വാഹനം ഓടിക്കരുത്. റോഡിൽ വെള്ളമുള്ളപ്പോൾ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടാനും വാഹനങ്ങൾ അപകടത്തിൽപെടാനും സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത പുലർത്തണം.വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ള സ്ഥലത്താണ് ഗാരേജെങ്കിൽ ബസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റണം എന്നിങ്ങനെയാണ് നിർദേശങ്ങൾ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. റാന്നി, മല്ലപ്പള്ളി, പന്തളം, എടത്വാ, കുളത്തൂപ്പുഴ തുടങ്ങി മുമ്പ് വെള്ളപ്പൊക്കം ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ രാത്രി മുഴുവൻ പ്രത്യേക ശ്രദ്ധ വേണം.
ഏത് അടിയന്തര സാഹചര്യത്തിലും ബസ് മാറ്റാൻ തയാറെടുപ്പ് നടത്തണം. എല്ലാ ഡിപ്പോയിലും ഏതു സമയത്ത് ആവശ്യപ്പെട്ടാലും അഞ്ച് ബസ് ഡ്രൈവർമാർ സഹിതം തയാറാക്കിനിർത്തണമെന്നും നിർദേശിച്ചു.