കോഴിക്കോട്: കുറ്റ്യാടി കായക്കൊടി സ്വദേശിയായ പതിനേഴുകാരിയെ ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും (Kuttyadi Rape Case). ഇന്ന് വൈകീട്ടാണ് പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും.
മരുതോങ്കര ജാനകിക്കാട് (Janakikkad) വിനോദ സഞ്ചാര കേന്ദ്രത്തിൽ കൊണ്ടുപോയാണ് പ്രതികൾ പ്ലസ് ടു വിദ്യാർഥിനിയെ കൂട്ട ബലാൽസംഗം ചെയ്തത്. സംഭവത്തിൽ മരുതോങ്കര സ്വദേശികളായ അടുക്കത്ത് പാറച്ചാലിൽ ഷിബു (34), മൊയിലോത്തറ തമിഞ്ഞീമ്മൽ രാഹുൽ (22), മൊയിലോത്തറ തെക്കെപറമ്പത്ത് സായൂജ് (24), കായക്കൊടി ആക്കൽ പാലോളി അക്ഷയ് (22) എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം മൂന്നിനായിരുന്നു പീഡനം നടന്നത്. പെൺകുട്ടിക്ക് മധുര പാനീയത്തിൽ മയക്കുമരുന്നു ചേർത്താണ് കൃത്യത്തിന് വിധേയമാക്കിയതെന്ന് പരാതിയുണ്ടെന്നും അതിനെപ്പറ്റി ശാസ്ത്രീയ അന്വേഷണം നടത്തുമെന്നും നാദാപുരം എ.എസ്.പി നിധിൻരാജ് പറഞ്ഞു. ജാനകിക്കാട്ടിൽ സാമൂഹിക വിരുദ്ധ ശല്യം തടയാൻ പൊലീസ് പട്രോളിങ് ഏർപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ കാമുകനായ യുവാവ് വിദ്യാർഥിനിയെ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയും പിന്നീട് ബാക്കിയുള്ളവരും പീഡിപ്പിച്ചു എന്നാണ് പരാതി. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിക്ക് പരിചയമുള്ളവരാണ് നാലു പേരും.
ചൊവ്വാഴ്ച വൈകീട്ട് കുറ്റ്യാടി ചെറുപുഴ പാലത്തിന് സമീപം പെൺകുട്ടിയെ സംശയാസ്പദ നിലയിൽ കണ്ട ആളുകൾ പൊലീസിൽ വിവരം അറിയിക്കുകയും തുടർന്ന് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്യുകയായിരുന്നു.
പെൺകുട്ടി പട്ടികജാതിക്കാരിയായതിനാൽ റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ നാദാപുരം എ.എസ്.പി. അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പോക്സോ, പട്ടികജാതി പീഡനം, ബലാത്സംഗം എന്നിങ്ങനെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് എ.എസ്.പി നിധിൻരാജ് പറഞ്ഞു.