തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാനായി ചെറിയാൻ ഫിലിപ്പിനെ നിയമിച്ചത് റദ്ദാക്കി. പദവി വേണ്ടെന്നു ചെറിയാൻ ഫിലിപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ഇന്നലത്തെ വിമര്‍ശനം നിയമന ഉത്തരവ് അതിവേഗം റദ്ദാക്കാൻ കാരണമായെന്നാണ് സൂചന.
പുസ്തക രചനയുടെ തിരക്കിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചെറിയാൻ ഫിലിപ്പിന്റെ പിന്മാറൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാൻ ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഖാദി വിൽപനയും ചരിത്ര രചനയും ഒരുമിച്ച് നടത്താൻ പ്രയാസമാണെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
അതേസമയം ഭരണകൂടം നടത്തുന്ന മഴക്കെടുതി ദുരന്ത നിവാരണത്തെ വിമര്‍ശിച്ച് ഇന്നലെയാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന് ചെറിയാൽ ഫിലിപ്പ് കുറ്റപ്പെടുത്തി. ഭരണാധികാരികൾ ദുരന്ത നിവാരണത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്ന ശേഷം ക്യാമ്പിൽ പോയി കണ്ണീർ പൊഴിക്കുന്നത് ജനവഞ്ചനയാണെന്നും അദ്ദേഹം വിമർശിച്ചു.

















