കണ്ണൂർ; തീവ്രമഴക്ക് സാധ്യതയുള്ളതിനാൽ കണ്ണൂരിൽ ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം. ചെങ്കൽ, കരിങ്കൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഒക്ടോബർ 26 വരെയാണ് നിരോധനം.
അതേസമയം സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ വ്യാപക മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കു സാധ്യതയെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കാറ്റുമൂലമുള്ള അപകടങ്ങളിൽനിന്നും സുരക്ഷിതമായിരിക്കുവാൻ ജാഗ്രത നിർദേശങ്ങൾ കൃത്യമായി പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിർദേശിച്ചു.