തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള നഗരകാര്യ വകുപ്പില്‍ വിവിധ ജില്ലകളിലായി നിലവിലുള്ള 16 എല്‍ ഡി വി ഡ്രൈവര്‍മാരുടെ ഒഴിവുകളിലേക്ക് വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ തസ്തികയിലേക്ക് നിയമനത്തിനായി പി എസ് സി പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.
നഗരകാര്യ വകുപ്പിലെ എല്‍ ഡി വി ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. എന്നാല്‍, എല്‍ ഡി വി ഡ്രൈവര്‍മാരുടെ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ടില്ല. നഗരകാര്യ വകുപ്പ്, തദ്ദേശ സ്വയംഭരണ പൊതു സര്‍വ്വീസിന്റെ ഭാഗമായി മാറിയ സാഹചര്യത്തില്‍ പുതിയ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കേണ്ടതില്ലെന്ന് കണ്ടാണ് നഗരകാര്യ വകുപ്പില്‍ ഒഴിവുള്ള ഡ്രൈവര്‍ തസ്തികയിലേക്ക് മറ്റ് വകുപ്പുകളിലെ ഒഴിവുകള്‍ നികത്താന്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്താന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി.