മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആര്യൻ ഖാന് ജാമ്യമില്ല . മുംബൈയിലെ പ്രത്യേക എൻഡിപിഎസ് സെഷൻസ് കോടതിയുടേതാണ് വിധി. ആര്യൻ ഖാനൊപ്പം കൂട്ടുപ്രതികളായ മുൻമുൻ ധമേച്ച, അർബാസ് മർച്ചൻറ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. ഇതോടെ ആര്യൻ ഖാൻ മുംബൈ ആർതർ റോഡ് ജയിലിൽ തുടരും.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യൻ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഇന്ന് കോടതിയിൽ സമർപ്പിച്ചിരുന്നു. ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം കൂടി പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് രണ്ട് ദിവസം നീണ്ടുനിന്ന വാദത്തിനിടെ ആര്യൻറെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ വാട്സ് ആപ്പ് ചാറ്റുകളിൽ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എൻസിബിയും വാദിച്ചു.
ഈ മാസം മൂന്നാം തീയതി അറസ്റ്റിലായ ആര്യൻ ഖാൻ നിലവിൽ ആർതർ റോഡ് ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇനി തെറ്റ് ചെയ്യില്ലെന്നും പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും ജയിലിൽ നടന്ന കൗൺസിംഗിനിടെ ആര്യൻ ഖാൻ പറഞ്ഞതായി എൻസിബി ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ മുംബൈയിൽ വീണ്ടും വൻ ലഹരി വേട്ടയുണ്ടായി. 22 കോടി രൂപ വിലവരുന്ന 7 കിലോ ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ ഒരു സ്ത്രീ അറസ്റ്റിലായിട്ടുണ്ട്.