ന്യൂഡൽഹി : അഴിമതിക്കെതിരെ നടപടിയെടുക്കാനുള്ള ഇച്ഛാശക്തി മുൻസർക്കാരുകൾക്കുണ്ടായിരുന്നില്ലെന്ന് കോൺഗ്രസിനെ ഉന്നമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനം. രാജ്യത്തെ കൊള്ളയടിക്കുന്നവർ എത്ര ഉന്നതരായാലും അവരോട് ദയാദാക്ഷിണ്യമുണ്ടാകില്ലെന്നും മോദി മുന്നറിയിപ്പു നൽകി. എയർ ഇന്ത്യ സ്വകാര്യവൽക്കരണം വ്യോമയാനമേഖലയ്ക്ക് പുതിയ ഉൗർജം നൽകുമെന്ന് പ്രധാനമന്ത്രി ന്യായീകരിച്ചു.
കേന്ദ്രവിജിലൻസ് കമ്മിഷൻറെയും സിബിെഎയുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് കോൺഗ്രസ് സർക്കാരുകളെ മോദി ശക്തമായ ഭാഷയിൽ വിമർശിച്ചത്. അഴിമതിക്കെതിരെ നടപടിയെടുക്കാനുള്ള ഇച്ഛാശക്തി മുൻസർക്കാരുകൾക്കില്ലായിരുന്നു. സർക്കാരിൻറെ ഭാഗമായിരുന്ന പലരും അഴിമതിയിൽ പങ്കാളികളായിരുന്നു.
അഴിമതിക്കെതിരെ പോരാടാനാകുമെന്നും ഇടനിലക്കാരില്ലാതെ വികസനപദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്നുമുള്ള വിശ്വാസം തൻറെ ഭരണകാലത്ത് ജനങ്ങളിലുണ്ടാക്കിയെടുക്കാൻ കഴിഞ്ഞുവെന്ന് മോദി കൂട്ടിച്ചേർത്തു.
യുപിയിലെ കുശിനഗർ രാജ്യാന്തരവിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. എയർ ഇന്ത്യ കരാർ വ്യോമയാനമേഖലയുടെ സുരക്ഷക്കും സൗകര്യങ്ങൾക്കും പ്രെഫഷണലിസത്തിനും മുൻഗണന നൽകിയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബുദ്ധസന്യാസിമാരും തീർഥാടകരും ഉൾപ്പെടെ 125 പേരുമായി ശ്രീലങ്കയിൽ നിന്നുള്ള വിമാനം കുശിനഗറിലെത്തി.
ശ്രീലങ്കയിൽ ചൈനീസ് സ്വാധീനം വർധിക്കുന്നതിനിടെ ബുദ്ധമത തീർഥാടനകേന്ദ്രങ്ങളെ ഉൾപ്പെടുത്തിയുള്ള ഇന്ത്യയുടെ നയതന്ത്രം ഏറെ നിർണായകമാണ്. 12 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. മഹാപരിനിർവാണ ക്ഷേത്രവും മോദി സർന്ദർശിച്ചു.