ജമ്മു കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. രണ്ട് സൈനികർക്ക് പരിക്കേറ്റു. രണ്ട് ഭീകരരെ വധിച്ചതായി സുരക്ഷാസേന നേരത്തെ അറിയിച്ചിരുന്നു. ഷോപിയാനിലെ ദ്രാഗഡിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും പൊലീസും സംയുക്തമായി തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
11 സാധാരണക്കാരെ വിവിധ സ്ഥലങ്ങളിൽ ഭീകരർ വധിച്ചതിന് തിരിച്ചടിക്കുന്ന സൈന്യം ഇതുവരെ 20 ഭീകരരെ വകവരുത്തിക്കഴിഞ്ഞു. വനപ്രദേശങ്ങളിലും ജനവാസ മേഖലകളിലും തമ്പടിച്ച ഭീകരർക്കെതിരെ അതിശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. മുമ്പും ഷോപ്പിയാൻ മേഖല ഭീകരർക്ക് പ്രാദേശിക സഹായം നൽകുന്ന നിരവധി പേരുള്ള പ്രദേശമായതിനാൽ സൈന്യം കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് മുന്നേറുന്നത്.
തുടർച്ചയായി ഭീകരാക്രമണങ്ങൾ നടുക്കുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളിൽ എൻ.ഐ.എ ഇന്ന് പരിശോധന നടത്തി. ബരാമുള്ള, ശ്രീനഗർ ഉൾപ്പെടെ 11 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. തെരച്ചിലിൽ ആയുധങ്ങളും രേഖകളും പിടിച്ചെടുത്തതായാണ് വിവരം. അതേസമയം, ശ്രീനഗറിൽ ഉൾപ്പെടെ പ്രദേശവാസികളെ കൊലപ്പെടുത്തിയ കേസിൽ എൻ.ഐ.എ അന്വേഷണം ആരംഭിച്ചു. ദൃക്സാക്ഷികളിൽ നിന്നും എൻ.ഐ.എ മൊഴി രേഖപ്പെടുത്തും.