പാമ്പ് എല്ലാർവർക്കും ഒരു പേടി സ്വപ്നമാണ് . പാമ്പിനെ കാണുന്നത് തന്നെ പലർക്കും ഇഷ്ടമില്ലാത്ത കാഴചയാണ് . സമീപത്ത് എവിടെങ്കിലും പാമ്പിനെ കണ്ടുവെന്ന് പറഞ്ഞാൽ പിന്നെ ആ പരിസരത്ത് കൂടി പോലും ആരും പോകാൻ തയാറാകില്ല .
അപ്പോൾ പിന്നെ നടക്കുന്നതിനിടെ തലയ്‌ക്ക് മുകളിലൂടെ ഒരു പാമ്പ് പോകുന്നത് കണ്ടാൽ എന്തായിരിക്കും സ്ഥിതി. താഴെ നിൽക്കുന്നവർ പേടിച്ച് പോകുമെന്നതിൽ സംശയമേ ഇല്ല. ഫിലിപ്പീൻസിലെ ബോഹോളിലുള്ള ടാഗ്ബിലാരൻ നഗരത്തിലും അത്തരമൊരു കാര്യം സംഭവിച്ചിരിക്കുകയാണ്. നഗരത്തിലെ തിരക്കേറിയ ഒരു മാർക്കറ്റിന് മുകളിലെ കേബിളിൽ കൂടി നീങ്ങുകയായിരുന്നു പാമ്പ്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം.
കേബിളിൽ കൂടി ഇഴഞ്ഞു നീങ്ങുന്ന കൂറ്റൻ പാമ്പിനെ കണ്ടതും ഇതിനെ താഴെയുണ്ടായിരുന്ന പലരും നിലവിളിച്ച് കൊണ്ട് ഓടി. മറ്റ് ചിലരാകട്ടെ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. അൽപ്പദൂരം കൂടി മുന്നോട്ട് നീങ്ങിയതും പാമ്പ് താഴെയുണ്ടായിരുന്ന വാഹനങ്ങൾക്ക് ഇടയിലേക്ക് വീണു. ഉടനെ തന്നെ ചുറ്റുമുണ്ടായിരുന്നവർ ഇതിനെ പിടികൂടി ജനവാസമില്ലാത്ത മേഖലയിൽ തുറന്ന് വിട്ടു. പാമ്പ് ഇഴഞ്ഞു നീങ്ങുന്നതും താഴേക്ക് വീഴുന്നതുമായ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.