തൃശ്ശൂർ: അതിരപ്പിള്ളി പുഴ നിറഞ്ഞാഴുകിയതിനെ തുടർന്ന് അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. അപകട ഭീഷണിയെത്തുടർന്ന് ജില്ലാ ദുര ന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് കഴിഞ്ഞ വെള്ളിയാഴ്ച അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചത്. മഴ മാറി പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ തീരുമാനമായത്. എന്നാൽ, മലക്കപ്പാറയിലേക്ക് പോകാൻ അനുവദിക്കില്ല. മലക്കപ്പാറ റൂട്ട് 24 വരെ തുറക്കേണ്ടെന്ന് തീരുമാനം.
അതേസമയം സംസ്ഥാനത്തെ മഴ ഭീതി കുറയുകയാണ്. കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ അറിയിപ്പ് പ്രകാരം ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴക്ക് സാധ്യത. മറ്റ് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. എന്നാൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. നാളത്തെ 12 ജില്ലകളിലെ ഓറഞ്ച് അലർട്ടുകളും പിൻവലിച്ചു.
മഴ മാറി നിന്നതോടെ ഇടുക്കിയുടെ മലയോര മേഖലയിൽ ആശ്വാസം. നീരൊഴുക്ക് കാര്യമായി കുറയാത്തതിനാൽ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. മഴ മാറി നിൽക്കുകയും നീരൊഴുക്ക് കുറയുകയും ചെയ്താൽ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ അടയ്ക്കുന്ന കാര്യവും കെ എസ് ഇ ബിയുടെ പരിഗണനയിലുണ്ട്.