കട്ടപ്പന; മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ കനത്ത ജാഗ്രതാ നിർദേശം. ജില്ലയിൽ ഈ മാസം 24 വരെ രാത്രി യാത്ര നിരോധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളിൽ അതീവ ശ്രദ്ധ പുലർത്താൻ തീരുമാനമായി. ഇന്ന് മുതൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ദുരന്തനിവാരണ സമിതി യോഗം ചേർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായ ഇടങ്ങളിൽ അതീവ ശ്രദ്ധ പുലർത്താൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
കോട്ടയം-കുമളി റോഡിൽ ആവശ്യ സർവീസുകൾ മാത്രമായി ഗതാഗതം നിജപ്പെടുത്തിയിട്ടുണ്ട്. ദേവികുളം ഗ്യാപ് റോഡ് സ്ഥിതിഗതികൾ വിലയിരുത്തി മാത്രം തുറക്കും. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റും. ആവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ തയാറാക്കും. ജില്ലയിൽ പാറമടകളും മണ്ണെടുപ്പും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു.