തിരുവനന്തപുരം: കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനമനസ്സുകളില്‍ ഇടംനേടിയ പ്രിയ സഖാവ് വിഎസ് അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍.പൊതു രാഷ്ട്രീയ രംഗത്ത് നിന്നും വര്‍ഷങ്ങളായി അവധി എടുത്ത വിഎസ് തിരുവനന്തപുരത്തെ ‘വേലിക്കകത്ത്’ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്. രണ്ട് വര്‍ഷമായി വിഎസ് വീട്ടില്‍ തന്നെ വിശ്രമത്തിലാണ്.കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല. പത്രവായനയും, ടെലിവിഷന്‍ വാര്‍ത്തകള്‍ കാണുന്നതും മുടക്കാറില്ല. ലളിതമായ ചടങ്ങുകളോടെ കുടുംബാഗങ്ങള്‍ വിഎസിന്‍റെ പിറന്നാള്‍ ആഘോഷിക്കും.
1923 ഒക്ടോബര്‍ 20 ന് ആലപ്പുഴ പുന്നപ്രയിലായിരുന്നു വിഎസ് ജനിച്ചത്. ജനകീയ പ്രശ്‌നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിര്‍ഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് നല്ലൊരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആര്‍ജിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നതും വസ്തുതയാണ്.കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ജനസമ്മതിയുള്ള നേതാവായി വി എസിനെ വിലയിരുത്തപ്പെടുന്നു.
മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ ബഹുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അച്യുതാനന്ദന്‍ നിര്‍ണായക പങ്ക് വഹിച്ചു. പാര്‍ട്ടിക്കുള്ളില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ അദ്ദേഹം നേരിട്ടു. സത്യങ്ങള്‍ തുറന്നടിച്ച് പിണറായി സര്‍ക്കാരിനേയും അദ്ദേഹം പലപ്പോഴും വെട്ടിലാക്കി. പാര്‍ട്ടി നയങ്ങള്‍ ചേര്‍ത്തുപിടിക്കുമ്പോഴും സാധാരണക്കാരന് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് അദ്ദേഹത്തെ ജനകീയ നേതാവാക്കിയത്.