തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം ആലപ്പുഴ കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ഇടുക്കി അടക്കമുള്ള അണക്കെട്ടുകൾ തുറന്നിട്ടിരിക്കുന്നതിനാൽ, അതീവ ജാഗ്രതയിലാണ് സംസ്ഥാനം. ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും റെഡ് അലർട്ട് എന്ന പോലെ തയ്യാറെടുപ്പുകൾ നടത്താനാണ് സർക്കാർ നിർദ്ദേശം. അപകടമേഖലകളിൽ നിന്ന് ആളുകൾ മാറിതാമസിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ 12 ജില്ലകളിലാണ് ഓറഞ്ച് അലർട്ടാണ്.
കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. മലയോരമേഖലകളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പ്രതിരോധ നടപടിൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശമുണ്ട്. കേരളാ തീരത്ത് കാറ്റിന്‍റെ വേഗം 50 കി.മി വരെയാകാന്‍ സാധ്യതയുളളതിനാല്‍ വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വലിയുന്നതിനൊപ്പം, തുലാവര്‍ഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നതിനാലാണ് മഴ വീണ്ടും ശക്തമാകുന്നത്. കിഴക്കന്‍ കാറ്റിന്റെ ശക്തി കൂടുന്നതും മഴ സാധ്യത വര്‍ധിപ്പിക്കും. മലയോര മേഖലകളിൽ കൂടുതൽ ശക്തമായ മഴ പെയ്യും. തീരപ്രദേശങ്ങളിലും ജാഗ്രത വേണം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.