തിരുവനന്തപുരം; നെയ്യാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും. നാളെ രാവിലെ ആറിന് ഓരോ ഷട്ടറും 60 സെന്റീമീറ്ററായിരിക്കും ഉയർത്തുക. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.നെയ്യാർ ഡാം നിലവിൽ നാൽപത് സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇതുവരെ 160 സെന്റീമീറ്റർ ഉയർത്തി. നാളെ 60 സെന്റീമീറ്റർ വീതം ഉയർത്തുമ്പോൾ ആകെ 400 സെന്റീമീറ്ററാകും. വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ വെള്ളം തുറന്നുവിടുന്നത്.
അതേസമയം സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്കാണ് മുന്നറിയിപ്പ്. നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, ആലപ്പുഴ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വലിയുന്നതിനൊപ്പം, തുലാവര്‍ഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നതിനാലാണ് മഴ വീണ്ടും ശക്തമാകുന്നത്. കിഴക്കന്‍ കാറ്റിന്റെ ശക്തി കൂടുന്നതും മഴ സാധ്യത വര്‍ധിപ്പിക്കും. മലയോര മേഖലകളിൽ കൂടുതൽ ശക്തമായ മഴ പെയ്യും. തീരപ്രദേശങ്ങളിലും ജാഗ്രത വേണം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.