തിരുവനന്തപുരം: മഴ മുന്നറിയിപ്പ് പ്രമാണിച്ച് ബുധൻ ( ഒക്ടോബർ 20 ) മുതൽ വെള്ളി വരെ കൈറ്റ് വിക്ടേഴ്സിൽ (kite victors) ഫസ്റ്റ് ബെൽ (first bel) റഗുലർ ക്ലാസുകൾ ഉണ്ടാകില്ല. പകരം ഈ മൂന്നു ദിവസങ്ങളിൽ ശനി മുതൽ തിങ്കൾ വരെയുള്ള ക്ലാസുകളുടെ പുന:സംപ്രേഷണം നടത്തും. ഇതേ ക്ലാസുകൾ പിന്നീട് കൈറ്റ് വിക്ടേഴ്സ് പ്ലസ് ചാനലിലും ഒരു തവണ കൂടി ലഭ്യമാക്കുമെന്ന് കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് അറിയിച്ചു. ക്ലാസ്സുകൾക്കായി ശനിയാഴ്ചയ്ക്ക് ശേഷമുള്ള ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും അൻവർ സാദത്ത് വ്യക്തമാക്കി.
കടുത്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ അടുത്ത രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തോളം ഡാമുകൾ ജലനിരപ്പുയർന്നതിനെ തുടർന്ന് ഇതിനോടകം തുറന്നു വിട്ടിട്ടുണ്ട്. കടുത്ത മഴയിൽ വെള്ളപ്പൊക്കവും മലയിടിച്ചിലുമടക്കം വിവിധ പ്രശ്നങ്ങളുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് തത്കാലത്തേക്ക് കുട്ടികളുടെ പുതിയ അധ്യയന ക്ലാസുകൾ മാറ്റി വയ്ക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്.