സൗത്ത് ഇന്ത്യൻ ബിസിനസ് കോൺക്ലേവിന്റെയും സാംസ്കാരിക ശില്പശാലകളുടെയും ഭാഗമായി, സക്സസ്സ് കേരള ഒരുക്കിയ കൾച്ചറൽ എക്സലൻസ് അവാർഡിന് പ്രമോദ് പയ്യന്നൂർ അർഹനായി. കോവിഡ്കാല പ്രതിസന്ധികളിൽ വിജയകരമായി നടപ്പിലാക്കിയ നവജനകീയ സാംസ്കാരിക ദൗത്യങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം. ഡോ. ജോർജ്ജ് ഓണക്കൂർ, ശ്രീ. വി. സുരേന്ദ്രൻപിള്ള (മുൻ മന്ത്രി), ഡോ. എം.ആർ. തമ്പാൻ എന്നിവരടങ്ങുന്ന ജൂറി പാനലാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
നാടക, ചലച്ചിത്ര, നവമാധ്യമ രംഗങ്ങളിലും ഭാരത് ഭവൻ മെമ്പർ സെക്രട്ടറി എന്ന നിലയിലും പ്രമോദ് നിർവ്വഹിച്ചു വരുന്ന സാംസ്കാരിക സംഭാവനകൾ പൊതുസമൂഹത്തിന്റെ ജീവിത പുരോഗതിയ്ക്ക് ഊർജ്ജം പകരുന്നവയാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഒക്ടോബർ 21-ന് തിരുവനന്തപുരം ഹോട്ടൽ ഹൈലാന്റ് പാർക്കിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ- പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിലും ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജുവും ചേർന്ന് പുരസ്ക്കാരം സമ്മാനിക്കും. പ്രശസ്തി പത്രവും ഫലകവും 20000 രൂപയും അടങ്ങുന്നതാണ് പുരസ്കാരമെന്ന് അവാർഡ് കമ്മിറ്റി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.