മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ 20 മുതൽ 23 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും നദികൾ കരകവിഞ്ഞൊഴുന്നതിനും സാധ്യത വളരെ കൂടുതലാണ്. നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളിൽ താമസിക്കുന്നവരെ മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കേണ്ടതാണെന്ന് നിർദേശം നൽകിയിട്ടുണ്ട്. നദിക്കരയോട് ചേർന്ന് അപകടകരമായ അവസ്ഥയിൽ താമസിക്കുന്നവരെയും നദികളുടെ ഒഴുക്ക് സാധാരണ നില കൈവരിക്കുന്നതുവരെ മാറ്റി താമസിപ്പിക്കേണ്ടതാണെന്നും നിർദേശിച്ചു.
ഒക്ടോബർ 20 ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ഒക്ടോബർ 21 ന് കണ്ണൂർ, കാസർകോഡ് ജില്ലകൾ ഒഴികെ മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിലുള്ള സൂചന പ്രകാരം അതിശക്തമായ മഴ കൂടുതലായും കേരളത്തിന്റെ കിഴക്കൻ മലയോര മേഖലയിലും പശ്ചിമഘട്ട മേഖലയിലുമായിരിക്കും കേന്ദ്രീകരിക്കുക. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഉരുൾപൊട്ടൽ സാധ്യത മേഖയിലാകെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പകൽ സമയത്ത് മഴ മാറി നിൽക്കുന്നത് കൊണ്ട് അമിതമായ ആത്മവിശ്വാസം ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ള ജനങ്ങളോ ഉദ്യോഗസ്ഥരോ കാണിക്കാൻ പാടുള്ളതല്ല. കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റങ്ങൾ വരാവുന്നതും ചിലപ്പോൾ തെറ്റുകൾ സംഭവിക്കാവുന്നതുമാണ്. അതുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന അതീവ ജാഗ്രത നിർദേശം പിൻവലിക്കുന്നത് വരെ സുരക്ഷാ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം തന്നെ റവന്യൂ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ക്യാമ്പുകൾ തയ്യാറാക്കേണ്ടതും ഈ വിവരം പൊതുജനങ്ങളെ അറിയിക്കേണ്ടതുമാണ്. പൊതുജനങ്ങൾ തങ്ങളുടെ പ്രദേശത്തെ ക്യാമ്പുകളുടെ വിവരം മനസ്സിലാക്കി വെക്കുകയും മഴ ശക്തിപ്പെടുന്ന ഉടനെ തന്നെ ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനത്തേക്കോ മാറുകയും വേണം. അപകട സാധ്യതയുള്ള വീടുകളിൽ അധിവസിക്കുന്നവർ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം. മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉടനടി മാറേണ്ടതുമാണ്.