തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ മുഴുവൻ തിയറ്ററുകളും തുറന്നുപ്രവർത്തിക്കുമെന്ന് തിയറ്റർ ഉടമകൾ അറിയിച്ചു. ആറു മാസത്തിനുശേഷമാണ് മൾട്ടിപ്ലക്‌സ് അടക്കം മുഴുവൻ തിയറ്ററുകളും തുറക്കുന്നത് . തിയറ്ററുകൾ തുറക്കുന്നതിനുമുന്നോടിയായി 22ന് ഉടമകൾ സർക്കാരുമായി ചർച്ച നടത്തും.
ഇന്ന് ചേർന്ന തിയറ്റർ ഉടമകളുടെ യോഗത്തിലാണ് 25ന് പ്രദർശനം ആരംഭിക്കാൻ തീരുമാനമായത്. മരക്കാർ, ആറാട്ട് അടക്കമുള്ള ചിത്രങ്ങൾ തിയറ്ററിൽ തന്നെ പ്രദർശനത്തിനെത്തും. പകുതിപ്പേർക്കു മാത്രമായിരിക്കും പ്രവേശനം. ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്‌സിനെടുക്കുകയും വേണം.
25 മുതൽ സിനിമാശാലകൾ തുറന്നുപ്രവർത്തിക്കാൻ ഈ മാസം ആദ്യത്തിൽ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, നികുതി ഇളവ് അടക്കമുള്ള ആവശ്യങ്ങൾ തിയറ്റർ ഉടമകൾ സർക്കാരിനോട് ഉന്നയിച്ചിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. വിനോദ നികുതി ഇളവ്, വൈദ്യുതി ഇളവ്, കെട്ടിട നികുതി ഇളവ് അടക്കമുള്ളവയാണ് ഉടമകൾ ആവശ്യപ്പെട്ടത്.