ഇടുക്കി ഡാം തുറന്നതുമൂലം ചെറുതോണി അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി. റൂൾ ഓഫ് കർവിന്റെ അടിസ്ഥാനത്തിൽ അടിസ്ഥാനത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകൾ ഉയർത്തിയത്. ചെറുതോണി പുഴയിലൂടെ ശക്തമായി വെള്ളം കുത്തിയൊലിച്ച് എത്തിയെങ്കിലും സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണ്. തയ്യാറെടുപ്പുകൾ പൂർത്തിയാക്കി സൈറൻ മുഴങ്ങിയതോടെ കൃത്യം 11 മണിക്ക് ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്നു. മൂന്നാം നമ്പർ ഷട്ടർ ആണ് ആദ്യം ഉയർത്തിയത്. ചെറുതോണി പുഴയിലൂടെ 25 മിനിറ്റ് കൊണ്ട് വെള്ളം ചെറുതോണി ചപ്പാത്തിലെത്തി. നീർച്ചാൽ മാത്രമായിരുന്ന പുഴ നിമിഷങ്ങൾകൊണ്ട് ഇരുകരകളും കവിഞ്ഞു കലങ്ങി ഒഴുകി.
പുഴയിലെ തടസ്സങ്ങൾ നീങ്ങി വെള്ളത്തിന്റെ ഒഴുക്ക് സുഗമമായതോടെ കൃത്യം 12 മണിക്ക് രണ്ടാമത്തെ ഷട്ടറും തുറന്നു. അരമണിക്കൂറിനുശേഷം മൂന്നാമത്തെ ഷട്ടറും ഉയർത്തി. ഒരു സെക്കൻഡിൽ ഒരു ലക്ഷം ലീറ്റർ ജലമാണ് 3 ഷട്ടറുകളിലൂടെ ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും കെ കൃഷ്ണൻ കുട്ടിയുടെയും മേൽനോട്ടത്തിലായിരുന്നു ഷട്ടർ ഉയർത്തുന്ന നടപടി ക്രമങ്ങൾ.
ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നു വെള്ളം ഒഴുകി എത്തുന്നത് കാണാൻ നൂറുകണക്കിന് ആളുകളാണ് ചെറുതോണി ചപ്പാത്ത്തിൽ തടിച്ചുകൂടിയത്. ചെറുതോണി ചപ്പാത്തിലും ടൗണിലും ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി ഡാം തുറന്ന പശ്ചാത്തലത്തിൽ ചെറുതോണി പുഴയിലും പെരിയാറിലെയും ഇറങ്ങുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.