ഇടുക്കി: ചെറുതോണി അണക്കെട്ടിൻ്റെ നാലാമത്തെ ഷട്ടറും തുറന്നു. മൂന്നുഷട്ടറുകളും 35 സെ.മീ വീതമാണ് ഉയര്‍ത്തിയത്. രാവിലെ 11 മണിക്ക് ആദ്യഘട്ടമായി മൂന്നാമത്തെ ഷട്ടര്‍ തുറന്നിരുന്നു. ഒരുമണിക്കൂറിനുശേഷം രണ്ടാമത്തെ ഷട്ടറും ഉയര്‍ത്തി. 12.30നാണ് നാലാമത്തെ ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുകുന്നത്. ഓരോ തവണയും മൂന്ന് സൈറണുകള്‍ വീതം മുഴങ്ങിയതിനുശേഷമാണ് ഷട്ടറുകള്‍ തുറന്നത്. മൂന്നാം ഷട്ടര്‍ തുറന്നതിനുശേഷം വെള്ളത്തിൻ്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തിയശേഷമായിരുന്നു രണ്ടാം ഷട്ടര്‍ ഉയര്‍ത്തിയത്.
പെരിയാറിലെ ജലനിരപ്പ് ഒരു മീറ്റര്‍ ഉയരും. പുറത്തേക്കൊഴുകുന്ന ജലം വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018ലെ അപേക്ഷിച്ച് പത്തിലൊരു ഭാഗം മാത്രം വെള്ളമാണ് ഇത്തവണയൊഴുക്കുന്നത്. ഇടുക്കി, വാത്തിക്കുടി, തങ്കമണി, കഞ്ഞിക്കുഴി മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിൻ്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍നിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലെല്ലാമാണ് ജാഗ്രതാനിര്‍ദേശം. പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് , വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഷട്ടര്‍ തുറന്നത്. ഡാമിൻ്റെ ജലനിരപ്പ് 2397.96 അടിയായ സാഹചര്യത്തിലാണ് ഡാം തുറന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത പ്രതികരണ രക്ഷാസേന എറണാകുളം പറവൂരിലെത്തിയിട്ടുണ്ട്. വെള്ളപ്പൊക്ക പ്രതിരോധത്തിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. ആലുവയിലും പറവൂരിലുമായി 22 അംഗങ്ങള്‍ വീതമുള്ള രണ്ട് കമ്പനികളെയാണ് വിന്യസിച്ചിട്ടുള്ളത്. ആലുവ, ചൂര്‍ണിക്കര, ചെങ്ങമനാട്, പാറക്കടവ്, കീഴ്മാട്, ആലുവ വെസ്റ്റ് എന്നിവിടങ്ങളില്‍ എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.