തിരുവനന്തപുരം: കേരളത്തിൽ മാത്രമാണ് പ്രകൃതി ദുരന്തങ്ങള്‍ നടക്കുന്നത് എന്നത് തെറ്റിദ്ധാരണയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമ ഘട്ട വിദഗ്ധ സമിതി തലവനുമായ മാധവ് ഗാഡ്ഗില്‍. മഹാരാഷ്ട്രയിലും ഗോവയിലുമെല്ലാം ഓരോ വര്‍ഷവും സമാനമായ ദുരന്തങ്ങള്‍ ഉണ്ടാവുന്നുണ്ടെന്ന് ഗാഡ്ഗില്‍ പറഞ്ഞു.
പശ്ചിമ ഘട്ടത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഗാഡ്ഗില്‍ പറഞ്ഞു. ഇത് ഒഴിവാക്കാന്‍ താഴെത്തട്ടിലുള്ള ആളുകളാണ് മുന്നിട്ടിറങ്ങേണ്ടത്. ജനപ്രതിനിധികള്‍ക്കു മേല്‍ അവര്‍ സമ്മര്‍ദം ചെലുത്തി പ്രകൃതി ദുരന്തത്തിനെതിരായ നടപടികളെടുപ്പിക്കണമെന്ന് ഗാഡ്ഗില്‍ പറഞ്ഞു.
വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുകയാണ് വേണ്ടത്. ഇതിനായി പശ്ചിമ ഘട്ടത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ ഭരണഘടനാപരമായ അധികാരം വിനിയോഗിക്കണം. പശ്ചിമ ഘട്ട സംരക്ഷണത്തിനുള്ള ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള സമയം ഇനിയും കഴിഞ്ഞിട്ടില്ല.
ഗ്രാമസഭകളില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണം. താഴെത്തട്ടിലുള്ള ജനങ്ങളുടെ അഭിപ്രായം ആരായണം. അവരുടെ പ്രതികരണം കൂടി അറിഞ്ഞുകൊണ്ടുള്ള നടപടികളാണ് വേണ്ടത്. ഇക്കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കോടതികളിലൂടെ പശ്ചിമഘട്ട സംരക്ഷണ നടപടികള്‍ സ്വീകരിക്കാമെന്നു കരുതരുതെന്ന് ഗാഡ്ഗില്‍ പറഞ്ഞു.

















