കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പോലീസ് നടപടി.
2019ലാണ് സംഭവം. തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വൈലോപ്പിള്ളി നഗറിലെ വീട്ടില്‍ വച്ചും മറ്റൊരിടത്ത് കൊണ്ടുപോയും ജോലിക്കാരൻ്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു എന്നതാണ് കേസ്. അന്ന് പെണ്‍കുട്ടിക്ക് 17 വയസ്സായിരുന്നു പ്രായം. മോന്‍സനെ ഭയന്നാണ് അന്ന് പരാതി നല്‍കാന്‍ മടിച്ചതെന്ന് അമ്മയും മകളും പോലീസിനോട് പറഞ്ഞു.
എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനാണ് മോന്‍സന്‍ മാവുങ്കലിനെതിരെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തത്. നിലവില്‍ മോന്‍സനെതിരായ കേസുകള്‍ ക്രൈംബ്രാഞ്ചാണ് കൈകാര്യം ചെയ്യുന്നത്. ഈ കേസും ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.