തൊടുപുഴ: ഇടുക്കി ഡാം 2018 ലെ പ്രളയത്തിന് ശേഷം വീണ്ടും തുറക്കുമ്പോള്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍. നിയന്ത്രിതമായ അളവിലായിരിക്കും വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഷട്ടറുകള്‍ എപ്പോള്‍ അടയ്ക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഡാം തുറക്കുന്നത് പരിഗണിച്ച് സര്‍ക്കാരിൻ്റെ നിര്‍ദേശങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്ന് റവന്യൂമന്ത്രി കെ രാജന്‍ അഭ്യര്‍ത്ഥിച്ചു. അപകടമേഖലകളിലുള്ള ജനങ്ങള്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകണം. അല്ലാത്തവരെ അറസ്റ്റ് ചെയ്ത് മാറ്റേണ്ടി വരുമെന്നും മന്ത്രി രാജന്‍ വ്യക്തമാക്കി. 2018 ല്‍ പ്രളയമുണ്ടായപ്പോള്‍ ഇടുക്കിയിലും കോട്ടയത്തും പെട്ടെന്നാണ് സ്ഥിതിഗതികള്‍ മാറിയത്. ജനങ്ങള്‍ ജാഗ്രത കൈവിടരുത്. റവന്യൂ ഉദ്യോഗസ്ഥര്‍ അഞ്ചുദിവസം ജില്ലയില്‍ തങ്ങാനും മന്ത്രി നിര്‍ദേശിച്ചു.
ഇടുക്കിയില്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. ജലനിരപ്പ് കുറഞ്ഞാല്‍ ഉടന്‍ ഷട്ടറുകള്‍ അടയ്ക്കും. എപ്പോഴും നിരീക്ഷണമുണ്ടാകുമെന്നും വൈദ്യുതിമന്ത്രി പറഞ്ഞു. പെരിയാറിൻ്റെ തീരവാസികള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.