ആലപ്പുഴ: കുട്ടനാട്ടില്‍ ജാഗ്രത നിർദ്ദേശം. തോട്ടപ്പള്ളി സ്പില്‍വേയുടെ 39 ഷട്ടറുകളും തുറന്നു. കുട്ടനാട്ടിലെ പളളാത്തുരുത്തി, നെടുമുടി, കാവാലം എന്നിവിടങ്ങളില്‍ ജലനിരപ്പുയര്‍ന്നു. തിരുവല്ല– അമ്പലപ്പുഴ റോഡില്‍ നെടുമ്പ്രം ഭാഗത്ത് വെള്ളക്കെട്ട് കുറഞ്ഞു. അപ്പര്‍കുട്ടനാട്ടില്‍ വീണ്ടും ശക്തമായ മഴയാണ്. അപ്പർ കുട്ടനാടിൻ്റെ കിഴക്കൻ മേഖലയിൽ നിന്ന് വെള്ളമിറങ്ങിത്തുടങ്ങിയിരുന്നു. തലവടി മേഖലയിൽ ജനങ്ങൾ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി. കഴിഞ്ഞ ആറു മാസമായി പ്രളയ ഭീതിയിലാണ് ജനങ്ങൾ.
അതേസമയം, ചാലക്കുടി പുഴയില്‍ ജലനിരപ്പുകുറഞ്ഞു. രാത്രി മഴ വലിയ മഴയില്ലാത്തതാണ് ജലനിരപ്പ് താഴാന്‍ കാരണമായത്. നിലവില്‍ 4.32 മീറ്ററാണ് ജലനിരപ്പ്. 7.1മീറ്ററായാല്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കും. 8.1 മീറ്ററാണ് അപകടകരമായ ജലനിരപ്പ്. ഷോളയാറില്‍ നിന്നും പറമ്പിക്കുളത്തുനിന്നും വെളളം ഒഴുക്കിവിടുന്ന സാഹചര്യത്തില്‍ വലിയ ജാഗ്രത വേണമെന്ന് നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടര അടിയോളം ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഉച്ചമുതല്‍ പ്രദേശത്ത് മഴ പെയ്തിരുന്നില്ല.