കൊച്ചി: കേരളത്തിൽ കഴിഞ്ഞ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ലഭിച്ചത് 358 ശതമാനം അധികമഴ. 28.1ന് പകരം 128.6 മില്ലീമീറ്റർ മഴയാണ് മൂന്നുദിവസം കൊണ്ട് സംസ്ഥാനത്ത് ലഭിച്ചത്. ശനിയാഴ്ച ഒരു ദിവസത്തെ കണക്ക് പരിശോധിക്കുമ്പോൾ കേരളത്തിന് ലഭിച്ചത് 769 ശതമാനം അധിക മഴയാണ്. ശനി രാവിലെ 8.30 മുതൽ ഞായറാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂറിൽ 9.3ന് പകരം 80.8 മി.മീ മഴ ലഭിച്ചു.
സെപ്റ്റംബർ അവസാനത്തിൽ തുടങ്ങി ഒക്ടോബർ ആദ്യപാതിയിൽ മുറുകിയ സമാനമായ മഴ സംസ്ഥാനത്ത് അപൂർവമാണ്. ഒക്ടോബർ 1 മുതൽ 17 വരെ സംസ്ഥാനത്ത് 138 ശതമാനം അധികമഴ രേഖപ്പെടുത്തി. തുലാവർഷം തുടങ്ങുന്നതിന് മുമ്പേ തന്നെ സംസ്ഥാനത്ത് തുലാവർഷ കാലയളവിൽ ലഭിക്കേണ്ട ആകെ മഴയുടെ 84 ശതമാനം ഇതുവരെ പെയ്തതായി കാലാവസ്ഥാനിരീക്ഷണ വകുപ്പ് അറിയിച്ചു. ഒക്ടോബർ 17 വരെ ലഭിച്ചത് 412.2 മില്ലിമീറ്റർ മഴയാണ്. കാസർകോട് ജില്ലയിൽ 344 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് ഇതുവരെ 406 മില്ലിമീറ്റർ മഴ ലഭിച്ചു. കണ്ണൂരിൽ 376 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 441 മില്ലിമീറ്ററും കോഴിക്കോട് 450 ലഭിക്കേണ്ട സ്ഥാനത്ത് 515 മില്ലിമീറ്റർ മഴയും ഇതിനകം പെയ്തു.
പത്തനംതിട്ട ജില്ലയിൽ സീസണിൽ ലഭിക്കേണ്ട മഴയുടെ 97 ശതമാനവും പാലക്കാട് 90 ശതമാനവും മലപ്പുറം 86 ശതമാനവും ലഭിച്ചു. തുലാവർഷക്കാലമായ ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള മൂന്നുമാസംകൊണ്ട് പെയ്യേണ്ട മഴയുടെ പകുതിയലധികമാണ് സംസ്ഥാനത്ത് ഇതിനോടകം പെയ്തുകഴിഞ്ഞത്. തുലാവർഷക്കാലത്ത് 492 മില്ലിമീറ്ററാണ് ശരാശരി ലഭിക്കേണ്ട മഴ.