കണ്ണൂർ : യാത്രക്കാരും ജീവനക്കാരും ഏറെക്കാലമായി കാത്തിരിക്കുന്ന കെഎസ്‌ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ ആധുനിക യാഡ് ഉദ്‌ഘാടന സജ്ജമായി. പണിപൂര്‍ത്തിയായതായി കരാറുകാരായ പിണറായി ഇന്‍ഡസ്‌ട്രിയല്‍ കോ–ഓപ്പറേറ്റീവ് സൊസൈറ്റി (പിക്കോസ്) അറിയിച്ചു.
26,200 ചതുരശ്ര അടിയുള്ള യാഡ് 72 ലക്ഷം രൂപ ചെലവിലാണ് നിര്‍മിച്ചത്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ദുരിതമായ പൊട്ടിപ്പൊളിഞ്ഞ യാഡ് പണി തുടങ്ങി അഞ്ചുമാസത്തിനകം മനോഹരമായി ഇന്റര്‍ലോക്ക് ചെയ്‌തു. കണ്ണൂര്‍ നഗരമധ്യത്തിലെ യാഡിന്റെ ദയനീയാവസ്ഥ ഏറെ ചര്‍ച്ചയായതാണ്.
14 ബസ്സുകള്‍ നിര്‍ത്തിയിടാന്‍ സൗകര്യമുള്ളതാണ് പുതിയ യാഡ്. ദീര്‍ഘദൂര ബസ്സുകള്‍ ഉള്‍പ്പെടെ പ്രതിദിനം ശരാശരി 150 ബസ്സുകള്‍ യാഡില്‍ കയറുന്നുണ്ട്. കണ്ണൂര്‍ ഡിപ്പോയില്‍നിന്ന് ദിവസം 70 ബസ്സുകള്‍ സര്‍വീസ് നടത്തുന്നു. യാഡിന് പുറമെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ മുന്നിലും ഇന്റര്‍ലോക്ക് ചെയ്‌തിട്ടുണ്ട്.
അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ പണിയും പൂര്‍ത്തിയായിട്ടുണ്ട്. വൈദ്യുതി കണക്ഷനും ലഭിച്ചു. സാങ്കേതിക പ്രശ്‌നങ്ങളാല്‍ വാട്ടര്‍ കണക്ഷന്‍ നല്‍കാനായില്ല. സ്‌ത്രീ – പുരുഷ ജീവനക്കാര്‍ക്ക് താമസിക്കാനുള്ള മുറി, ഡിടിഒ ഉള്‍പ്പെടെയുള്ളവരുടെ ഓഫീസ്, ഹാള്‍ എന്നിവയാണ് അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിലുള്ളത്. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍യുടെ ഫണ്ടില്‍നിന്നുള്ള 72 ലക്ഷം രൂപ ഉപയോഗിച്ചാണ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസ് നിര്‍മിച്ചത്.