തിരുവനന്തപുരം; സംസ്ഥാനത്ത് നാളെ മുതല്‍ വെള്ളിയാഴ്ച വരെ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഈ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല.
അതേസമയം സംസ്ഥാനത്ത് ഇന്ന് കൂടുതൽ അണക്കെട്ടുകൾ തുറക്കും. എന്നാൽ ജനം പരിഭ്രാന്തരാകേണ്ട സ്ഥിതിയില്ല. ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ 11 മണിക്കാണിത്. റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പമ്പ അണക്കെട്ടും ഇടമലയാർ അണക്കെട്ടും ഇതിനോടകം തുറന്നു.
നദികളുടെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ആശങ്ക വേണ്ടെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. രണ്ട് വർഷത്തിന് ശേഷമാണ് ഇടുക്കി ഡാം വീണ്ടും തുറക്കുന്നത്. പെരിയാർ തീരത്ത് ജാഗ്രത നിർദ്ദേശമുണ്ട്. ഇടുക്കി അണക്കെട്ട് തുറന്നാൽ വെള്ളം ആദ്യമെത്തുക ചെറുതോണി ടൗണിലാണ്. കഴിഞ്ഞ തവണത്തെ അത്ര ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കെഎസ്ഇബി ചെയർമാൻ പറഞ്ഞു.