തിരുവനന്തപുരം;സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ഇന്ന് മാത്രം അഞ്ച് പേര്‍ മരിച്ചു. വ്യാഴം,വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
സച്ചു ഷാഹുലിന്‍റെ മൃതദേഹം കൂടി കണ്ടെത്തിയതോടെ കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഇടുക്കി പൂപ്പാറ പന്നിയാറില്‍ പുഴയില്‍ ഒഴുക്കിപ്പെട്ട് ഓലപുരയ്ക്കലില്‍ മോഹനാണ് മരിച്ചത്. കൊല്ലത്ത് മൽസ്യബന്ധനത്തിനിടെ കാണാതായ അഴീക്കൽ സ്വദേശി രാഹുലിന്‍റെ മൃതദേഹം ആലപ്പുഴ പതിയാങ്കരയിൽ കണ്ടെത്തി .
കൊട്ടാരക്കര നെല്ലിക്കുന്നത്ത് കാണാതായ നാടോടി ബാലന്‍റെ മൃതദേഹം സമീപത്തെ തോട്ടിൽ നിന്നുമാണ് ലഭിച്ചത്. മൂന്ന് വയസ്സുകാരൻ രാഹുൽ ആണ് മരിച്ചത് . തിരുവനന്തപുരം ചീരാണിക്കരയില്‍ മണികണ്ഠൻ നായർ തോട്ടില്‍ വീണ് മരിച്ചു. ബുധനാഴ്ച മുതല്‍ കിഴക്കന്‍ കാറ്റിന്‍റെ സ്വാധീനത്താല്‍ വീണ്ടും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച 11 ജില്ലകളിലും , വ്യാഴാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു .