പത്തനംതിട്ട: ഇടുക്കിക്ക് പുറമെ പമ്പാ ഡാമും നാളെ തുറക്കും. ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് നാളെ രാവിലെ തുറക്കുന്നത്. രണ്ടു ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി 25 കുമക്‌സ് മുതല്‍ പരമാവധി 50 കുമക്‌സ് വരെയാണ് തുറക്കുക. ജനവാസ മേഖലകളില്‍ പരമാവധി 10 സെന്‍റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കെ.എസ്.ഇ.ബി ലിമിറ്റഡിന്‍റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ് പമ്പാ ഡാം. പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യറാണ് ഡാം തുറക്കാന്‍ ഉത്തരവിറക്കിയത്.
കക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പമ്പാ തീരത്ത് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. പമ്പ, റാന്നി, ആറന്മുള, ചെങ്ങന്നൂർ മേഖലകളിലേക്ക് വൈകാതെ വെള്ളമെത്തുമെന്നാണ് മുന്നറിയിപ്പ്. പമ്പ നദിയിൽ 10 മുതൽ 15 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരാനാണ് സാധ്യത.
പമ്പയുടെ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ച് തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാണെന്നും ആളുകൾ ക്യാമ്പുകളിലേക്ക് മാറാൻ തയാറാകണമെന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു.
നീരൊഴുക്ക് ശക്തമായതോടെ നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാച്ചിട്ടുണ്ട്. രണ്ട് ഷട്ടറുകൾ 50 സെ മീ വീതം ഉയർത്തും. 64 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. വെള്ളം ഒഴുകുന്നതിനുള്ള തടസം നീക്കും. ഇന്ന് വൈകിട്ട് ആറുമണിയോടെ ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചേക്കും. ഇടുക്കി അണക്കെട്ടിനു സമീപ വാസികൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ട എന്നും പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
മുൻകാല അനുഭവം കണക്കിലെടുത്താണ് നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു . ഷട്ടറുകൾ 3 സെ മി ഉയർത്തി 100 ക്യുമിക്‌സ് ജലം പുറത്തേക്ക് ഒഴുക്കും. സെക്കൻഡിൽ ഒരു ലക്ഷം വെള്ളം പുറത്തേക്ക് ഒഴുക്കും. ആവശ്യമായ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.