ചെന്നൈ: സമൂഹമാധ്യമങ്ങളിലൂടെ വർഗീയ പ്രചാരണം നടത്തിയതിന് തമിഴ്നാട്ടിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ആർ. കല്യാണരാമനെയാണ് ചെന്നൈ പോലീസിന്റെ സൈബർ ക്രൈംവിഭാഗം അറസ്റ്റ് ചെയ്തത്.
വിവിധ മതങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി കുറിപ്പുകളാണ് കല്യാണരാമൻ പങ്കുവെച്ചതെന്ന് പൊലീസ് പത്രക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത്തരം 18 പോസ്റ്റുകളാണ് ഇയാൾ ട്വിറ്ററിൽ കുറിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. ഐ.പി.സിയുടെ 153 A വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുൻ മുഖ്യമന്ത്രി കരുണാനിധി ഉൾപ്പെടെയുള്ളർക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ ഇയാൾ അധിക്ഷേപകരമായ പരമാർശങ്ങൾ നടത്തിയിരുന്നു. മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകളും ഇയാള്‍ പങ്കുവെച്ചു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡിലാക്കുകയും ചെയ്തു. ബിജെപി റാലിയില്‍ മുസ്ലിം വിഭാഗത്തിനെതിരേ നടത്തിയ വർഗീയ പരാമര്‍ശങ്ങളിൽ കഴിഞ്ഞ ഫെബ്രുവരിയിലും കല്യാണരാമന് അറസ്റ്റിലായിരുന്നു.