ആലപ്പുഴ: ഇന്ന് രാത്രിയോടെ ചെങ്ങന്നൂരില്‍ വെള്ളം ഉയരുമെന്ന് മന്ത്രി സജി ചെറിയാന്‍. രാത്രിതന്നെ എല്ലാവരെയും മാറ്റും. പാണ്ടനാടും തിരുവന്‍വണ്ടൂരും അതീവജാഗ്രത നിർദ്ദേശം നൽകി. കുട്ടനാട്ടില്‍ ചെങ്ങന്നൂരിലേക്കാള്‍ ജാഗ്രത വേണമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും വെള്ളപ്പൊക്ക കെടുതികൾ തുടരുന്നു. എ.സി റോഡ്, ഹരിപ്പാട് – എടത്വ റോഡ്, അമ്പലപ്പുഴ -തിരുവല്ല റോഡ് തുടങ്ങിയവയിൽ പലയിടത്തും വെള്ളക്കെട്ടുണ്ട്. കക്കി ഡാം തുറന്നതിനാല്‍ വൈകുന്നേരത്തോടെ ജലനിരപ്പ് ഉയർന്നേക്കും. മന്ത്രിതല അവലോകന യോഗം ആലപ്പുഴയിൽ ചേരും.
പ്രളയഭീതിയിലാണ് കുട്ടനാട്. കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും താഴ്ന്നയിടങ്ങങ്ങൾ വെള്ളത്തിൽ മുങ്ങി. നിരവധി വീടുകളിൽ വെള്ളം കയറി. പലരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. 39 ദുരിതാശ്വാസ ക്യാംപുകളിലായി 2100 ലധികം പേരുണ്ട്. 24 ക്യാംപുകളും ചെങ്ങന്നൂർ താലൂക്കിലാണ്. രക്ഷാപ്രവർത്തനത്തിന് കൊല്ലത്തു നിന്നും തിരുവനന്തപുരത്തും മൽസ്യബന്ധന വള്ളങ്ങൾ എത്തിച്ചിട്ടുണ്ട്.