മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ് നാലാം തവണയും ചോദ്യം ചെയ്യലിന് എൻഫോഴ്സ് മെൻറ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായില്ല. കേസുമായി ബന്ധപ്പെട്ട് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ജാക്വിലിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാൻ സാധിക്കാത്തതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
200 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് ചോദ്യം ചെയ്യൽ. സുകേഷ് ചന്ദ്രശേഖർ എന്നയാളാണ് കേസിലെ പ്രധാന പ്രതി. സുകേഷ് ചന്ദ്രശേഖറുമായുള്ള നടിയുടെ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്.
അടുത്ത മാസം ആദ്യ ആഴ്ചവരെ തന്നെ ചോദ്യം ചെയ്യുന്നതിൽ നിന്ന് മാറ്റിനിർത്തണമെന്ന് ജാക്വിലിൻ വെള്ളിയാഴ്ച ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചതായാണ് വിവരം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർഥന നിരസിച്ചതായാണ് റിപ്പോർട്ടുകൾ.