കൊച്ചി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടമലയാര്‍ ഡാം തുറക്കാന്‍ തീരുമാനിച്ചു. ഡാമിൻ്റെ രണ്ടു ഷട്ടറുകള്‍ നാളെ തുറക്കാനാണ് ഉന്നത തല സമിതി യോഗം തീരുമാനിച്ചത്. നാളെ രാവിലെ ആറുമണിക്ക് രണ്ടു ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതം തുറക്കും. പെരിയാറിൻ്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നുണ്ട്. ജലനിരപ്പ് റൂള്‍ കര്‍വിലേക്ക് എത്താന്‍ ഇനി 1 മീറ്റര്‍ 30 സെന്റിമീറ്റര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇടുക്കി ഡാം കൂടി തുറക്കേണ്ടി വരുന്നത് കണക്കിലെടുത്ത് ഇടമലയാര്‍ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പെരിയാറിൻ്റെ ഇരുകരകളിലും താമസിക്കുന്നവര്‍, താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു. കോവിഡ് രോഗികളെയും, കോവിഡ് നിരീക്ഷണത്തിലുള്ളവരെയും കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
ഇടുക്കിയിലെ ജലനിരപ്പ് ഇന്ന് റെഡ് അലര്‍ട്ടിലെത്തുമെന്നാണ് വിലയിരുത്തലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡാമിലെ ജലനിരപ്പ് നാളെ രാവിലെ അപ്പര്‍ റൂള്‍ ലെവലായ 2398.86 അടിയിലും എത്താന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി അറിയിച്ചിട്ടുള്ളതെന്നും കലക്ടര്‍ സൂചിപ്പിച്ചു.
ചെറുതോണിയിലും ഇടുക്കി ഡാമിൻ്റെ വൃഷ്ടി പ്രദേശത്തും മഴ തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.28 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് കൂടിയിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി സൂചിപ്പിച്ചിരുന്നു. ഇടമലയാര്‍ അണക്കെട്ടും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.