ജോധ്പുര്‍: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യാ-പാകിസ്ഥാന്‍ മത്സരം അടുത്ത ഞായറാഴ്ച നടക്കാനിരിക്കെ അത് നടത്തണോ എന്നതില്‍ പുനരാലോചന വേണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അത്ര നല്ല സ്ഥിതിയില്‍ അല്ലെന്നും അതുകൊണ്ട് മത്സരത്തിൻ്റെ കാര്യത്തില്‍ പുനരാലോചന വേണമെന്നുമാണ് ഗിരിരാജ് സിങ് പറയുന്നത്. ജോധ്പുരില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരില്‍ ആളുകളെ തിരഞ്ഞുപിടിച്ചു കൊല്ലുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയില്‍ അല്ല. ഈ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരം വേണ്ടതുണ്ടോയെന്ന് ആലോചിക്കേണ്ടതാണ് എന്ന് ഗിരിരാജ് സിങ് പറഞ്ഞു. ജമ്മു കശ്മീരില്‍ ഏതാനും ദിവസമായി പ്രദേശവാസികള്‍ അല്ലാത്തവര്‍ക്കു നേരെ ആക്രമണങ്ങള്‍ നടക്കുകയാണ്.
ഇന്നലെ രണ്ടു ബിഹാറികളാണ് അക്രമത്തിനിരയായത്. ഭീകരര്‍ ഇവരെ തിരഞ്ഞുപിടിച്ച് വകവരുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച യുപിയില്‍നിന്നും ബിഹാറില്‍നിന്നുമുള്ളവര്‍ സമാനമായ രീതിയില്‍ അക്രമത്തിന് ഇരയായിരുന്നു. ഞായറാഴ്ച ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നിശ്ചയിച്ചിട്ടുള്ളത്. ഏറെക്കാലത്തിനു ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റില്‍ മുഖാമുഖം വരുന്നത്.