അബുദാബി∙ : അബുദാബിയിലെ സ്കൂളുകളിൽ മാസ്കും അകലം പാലിക്കുന്നതും ഒഴിവാക്കുന്നു. ജനുവരി മുതലാണ് ഈ ഇളവുകൾ പ്രാബല്യത്തിലാവുകയെന്ന് വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അറിയിച്ചു.
വിദ്യാർഥികളുടെ വാക്സീൻ തോതനുസരിച്ച് സ്കൂളുകകൾക്ക് കളർകോഡ് നൽകി വേർതിരിച്ചാണ് ഇളവ് നൽകുന്നത്.വാക്സീൻ എടുത്തവർ 50% താഴെയാെണങ്കിൽ ഓറഞ്ച്, 50-64% മഞ്ഞ, 65-84% പച്ച, 85% മുകളിൽ നീല. നീല വിഭാഗത്തിലെ സ്കൂളുകൾക്ക് ബസിലും ക്ലാസിലും മറ്റും അകലം പാലിക്കേണ്ട.
പഠന യാത്ര, അസംബ്ലി, കായിക പരിപാടി, സ്കൂൾ വാർഷിക പരിപാടി തുടങ്ങിയവ അനുവദിക്കും. 85% വിദ്യാർഥികളും വാക്സീൻ എടുത്ത സ്കൂളുകളിൽ മാസ്കും അകലവും വേണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 16 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവർ വാക്സീൻ നിർബന്ധമാണ്.
16 വയസ്സിനു താഴെയുള്ളവരെ വാക്സീന് നിർബന്ധിക്കാൻ പാടില്ലെന്നും വ്യക്തമാക്കി. എത്രയും വേഗം സാധാരണ സ്കൂൾ ജീവിതം തിരിച്ചുപിടിക്കാനുള്ള നടപടികൾ എടുക്കുകയാണെന്നും അഡെക് അറിയിച്ചു.