പത്തനംതിട്ട: കക്കി–ആനത്തോട് ഡാമുകൾ തുറന്നു. രണ്ടു ഷട്ടറുകൾ 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയർത്തി. പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ജലനിരപ്പ് ഒന്നരയടി വരെ ഉയരും. കുട്ടനാട്ടിൽ നാളെ രാവിലെ വെള്ളമെത്തും.
മഴക്കെടുതിയും ഡാമുകള്‍ തുറക്കുന്നതും ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. ചീഫ് സെക്രട്ടറിയും മന്ത്രിമാരും ദുരന്തനിവരണ അതോറിറ്റി അംഗങ്ങളും പങ്കെടുക്കും. സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലെ മലയോരമേഖലയില്‍ മഴ ശക്തമായി തുടരുന്നു. അതി ശക്തമായ മഴക്ക് സാധ്യതയില്ലെങ്കിലും പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
ഒരു ജില്ലയിലും ജാഗ്രതാ നിർദേശം നൽകിയിട്ടില്ല. ശക്തമായ മഴയിൽ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പു പരമാവധി സംഭരണശേഷിയോട് അടുക്കുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.04 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 91.92 % ആണ്. 2397.86 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. എന്നാൽ നിലവിൽ നീരൊഴുക്ക് കുറഞ്ഞെന്നും അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്നുമാണ് വിവരം.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയായി. അനുവദനീയ സംഭരണശേഷി 142 അടിയാണ്. വെള്ളപ്പൊക്കസാധ്യതയുള്ളതിനാല്‍ പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത വേണം. തെന്‍മല ഡാമിന്‍റെ ഷട്ടറും ഉയര്‍ത്തും. രണ്ടുമീറ്റര്‍ വരെ ഉയര്‍ത്താനാണ് തീരുമാനം. കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴക്ക് ശമനമുണ്ടെങ്കിലും മഴ തുടരുന്നുണ്ട്.