തിരുവനന്തപുരം: കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതച്ച കോട്ടയത്തിന് അടിയന്തര ധന സഹായം. എട്ടു കോടി അറുപത് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും ജില്ലാ കളക്ടർക്ക് അനുവദിച്ചു. അടിയന്തര ദുരിതാശ്വസ പ്രവർത്തനങ്ങള്‍ക്കാണ് പണം അനുവദിച്ചത്.
വീടുകളുടെ അറ്റുകുറ്റ പണിക്കായി ആറ് കോടി രൂപയാണ് നൽകിയിരിക്കുന്നത്. ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങൾക്കായി ഒരു കോടി രൂപയും, മരിച്ചവരുടെ ബന്ധുക്കൾക്കായി എക്‌സ്‌ഗ്രേഷ്യ 60 ലക്ഷം രൂപ, ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി 50 ലക്ഷം രൂപ, മറ്റ് ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപ എന്നിങ്ങനെയാണ് ധനസഹായം.
മഴയിലും ഉരുപൊട്ടലിലും കോട്ടയം, മീനച്ചല്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ കനത്ത നാശനഷ്ടംമാണ് സംഭവിച്ചിരിക്കുന്നത്. 1706 പേരെ മൂന്നു താലൂക്കുകളിൽ നിന്നും വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിച്ച റവന്യു വകുപ്പ് മന്ത്രി കെ രാജൻ മുണ്ടക്കയത്ത് നിന്നും പത്തനംതിട്ട റാന്നിയിലേക്ക് യാത്ര തിരിച്ചു.
കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 10 ആയി. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് 7 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങളും ലഭിച്ചു. ഇതോടെ കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവർക്ക് നാലു ലക്ഷം രൂപ ധനസഹായവും, പരുക്കേറ്റവർക്ക് ചികിത്സ സഹായവും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തിയെന്ന് മന്ത്രി വി എൻ വാസവൻ’ അറിയിച്ചു. തെരച്ചിൽ നിർത്തിയിട്ടില്ല. നാശനഷ്ടം അടിയന്തരമായി കണക്കാക്കാൻ നടപടി സ്വീകരിച്ചു. ഈ റിപ്പോർട്ട് റിപ്പോർട് മന്ത്രിസഭ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. വീണ്ടും തുടർച്ചയായി മഴ പെയ്യുന്നത് കോട്ടയം ജില്ലയുടെ മലയോര മേഖലകളെ ആശങ്കയിലാക്കുന്നുണ്ട്.
പ്രളയദുരന്തം നേരിടാൻ കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സഹായം വാഗ്ദാനം ചെയ്തു. കേരളത്തിലെ പ്രളയ സാഹചര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാലുലക്ഷം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. തുക ഉടൻ നൽകുമെന്ന് റവന്യൂമന്ത്രി അറിയിച്ചു.